ഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തിരുന്ന രാജസ്ഥാന് സ്വദേശി അറസ്റ്റിൽ. ഡല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ ഹബീബ് ഉര് റഹ്മാന് (34) ആണ് അറസ്റ്റിലായത്.
പൊഖ്രാനിലെ സൈനിക കേന്ദ്രത്തില്‍ നിന്നും പല പ്രധാന പ്രതിരോധ രേഖകളും പണം കൊടുത്ത് വാങ്ങി ഇയാള്‍ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയ്ക്ക് നല്‍കിയിരുന്നതായാണ് ലഭിക്കുന്ന വിവരം.
പച്ചക്കറി വിതരണക്കാരനായിട്ടാണ് പൊഖ്രാന്‍ സൈനിക ക്യാമ്പിലുളളവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഒരു സൈനിക ഉദ്യോഗസ്ഥനില്‍ നിന്ന് പണം നല്കി സുപ്രധാന വിവരങ്ങള്‍ വാങ്ങുകയായിരുന്നു. ഇയാളെക്കുറിച്ച് പൊഖ്രാനില്‍ നിന്നും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. ഇയാള്‍ നിരവധി വര്‍ഷങ്ങളായി ഇവിടെ പച്ചക്കറി വിതരണം നടത്തിവരികയായിരുന്നെന്ന് ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ പ്രവീര്‍ രഞ്ജന്‍ അറിയിച്ചു.
ചില പ്രതിരോധ സംവിധാനങ്ങളുടെ സ്ഥലവിവരങ്ങളും മറ്റ് പ്രധാന രേഖകളും ഇയാളുടെ പക്കലുണ്ടായിരുന്നു. പരംജീത്ത് എന്ന സൈനികനാണ് ഇയാള്‍ക്ക് വിവരങ്ങള്‍ നല്‍കിയതെന്ന് തിരിച്ചറിഞ്ഞു. മുന്‍പ് പാകിസ്ഥാനില്‍ പോയിട്ടുളള ഹബീബ് ഉര് റഹ്മാന് അവിടെ ചില വിഘടനവാദികളുമായി പരിചയമായി. അവര്‍ക്ക് വേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് ഇയാള്‍ക്ക് പണം ലഭിച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. ഇതിന് പ്രതിഫലമായി ഹവാല മാര്‍ഗങ്ങളിലൂടെ ഇയാള്‍ക്ക് പണവും ലഭിച്ചിരുന്നു.
അതേസമയം കൂടുതല്‍ വിവരങ്ങൾ അറിയുന്നതിനായി ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
Discussion about this post