ഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് മാറ്റ് കൂട്ടാൻ പുതിയ ഹെലികോപ്ടറുകൾ അമേരിക്കയില്‍ നിന്നെത്തുന്നു. അമേരിക്കയില്‍ പുതുതായി വാങ്ങുന്ന എം എച്ച് 60 ആര് വിവിധോദ്ദേശ ഹെലികോപ്ടറുകളിലെ ആദ്യ രണ്ടെണ്ണം അമേരിക്കന്‍ നാവിക സേന ഇന്ത്യക്ക് കൈമാറി.
ഇന്ത്യ ഇത്തരം 24 ഹെലികോപ്ടറുകളാണ് അമേരിക്കയുടെ പക്കല്‍ നിന്നും വാങ്ങുന്നത്. ലോക്ക്ഹീഡ് മാര്ട്ടിന് നിര്‍മ്മിച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ വില്‍ക്കപ്പെടുന്ന ഈ ഹെലികോപ്ടറുകളുടെ മൊത്തം വില 240 കോടി അമേരിക്കന്‍ ഡോളറാണ്.
അമേരിക്കയിലെ സാന്‍ ഡിയാഗോയിലെ നാവികകേന്ദ്രത്തില് നടന്ന കൈമാറ്റ ചടങ്ങില്‍ ഇന്ത്യയുടെ യു എസ് അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു പങ്കെടുത്തു.
ചടങ്ങില്‍ വച്ച് അമേരിക്കന്‍ നേവല്‍ എയര്‍ ഫോഴ്സിന്റെ വൈസ് അഡ്മിറല്‍ കെന്നത്ത് വിറ്റ്സെലും ഇന്ത്യന്‍ നാവിക സേനയുടെ വൈസ് അഡ്മിറല്‍ രവ്ണീത് സിംഗും തമ്മില്‍ രേഖകളും കൈമാറി. യു എസ് നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം ഈ ഇടപാടിലൂടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ പുതിയ തലങ്ങളിലേക്ക് കടന്നതായി അംബാസിഡര്‍ തരണ്‍ജിത്ത് സന്ധു പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏകദേശം 2000 കോടി ഡോളറിന്റെ കച്ചവടം ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഇതിനോടകം നടത്തികഴിഞ്ഞുവെന്ന് സന്ധു പറഞ്ഞു.
Discussion about this post