മലപ്പുറം: മലപ്പുറത്ത് വൃദ്ധയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തില്‍ ആയിഷ എന്ന 70കാരിയെയാണ് വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മങ്കട രാമപുരത്താണ് സംഭവം.
വീട്ടിലെ ശൗചാലയത്തിലാണ് ആയിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമപുരം ബ്ലോക്ക് പടിയില്‍ ആയിഷ ഒറ്റയ്ക്കായിരുന്നു താമസം. പകല്‍ ഇവര്‍ സ്വന്തം വീട്ടില്‍ കഴിയുകയും രാത്രി മകന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു പതിവ്. പേരക്കുട്ടികള്‍ എത്തിയാണ് ആയിഷയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്. കഴിഞ്ഞ ദിവസം രാത്രി മകന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനായി പേരക്കുട്ടികള്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
വീടിനുള്ളില്‍ നിന്ന് പ്രതികരണം ഒന്നും ലഭിക്കാതിരുന്നതോടെ പേരക്കുട്ടികള്‍ വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് ആയിഷയെ ശൗചാലയത്തില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആയിഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. അന്വേഷണം ആരംഭിച്ചതായി മങ്കട പോലീസ് അറിയിച്ചു.
Discussion about this post