തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചു. ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ മദ്യ വിൽപനശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല. ഇതിനാലാണ് ഔട്ലെറ്റുകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചത്.
ലോക്ക്ഡൗൺ ഇളവ് അനുവദിച്ചതോടെ ഞായറാഴ്ച മദ്യശാലകള്‍ തുറക്കുമെന്ന് ബെവ്കോ നേരത്തേ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
അതേസമയം ബക്രീദ് പ്രമാണിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ അവശ്യസാധന കടകൾക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക്സ് കട, ഫാൻസികട, സ്വർണക്കട എന്നിവ ഞായറാഴ്ച മുതൽ മൂന്നു ദിവസം തുറക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.











