പാലക്കാട് : കേന്ദ്രസർക്കാരിന്റെ പുതിയ മനുഷ്യക്കടത്ത് തടയൽ, സംരക്ഷണ, പുനരധിവാസ നിയമത്തിന്റെ കരടു ബിൽ തയാറായി. മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു മുൻകൂർ ജാമ്യം ലഭിക്കില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും മരവിപ്പിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും ഉൾപ്പെടെ കടുത്ത വ്യവസ്ഥ കൾ ഉൾപ്പെടുന്ന ബിൽ ആണ് തയ്യാറായിരിക്കുന്നത്.
നിയമവിരുദ്ധ ബയോമെഡിക്കൽ റിസർച്ച്, ലഹരിമരുന്ന് ഇടപാടിനു ആളുകളെ ചേർക്കൽ, നിയമവിരുദ്ധ മരുന്നുപരീക്ഷണങ്ങൾ, തുടങ്ങിയ വിഷയങ്ങളും മനുഷ്യക്കടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. കോവിഡിനെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി മുതലെടുത്തു രാജ്യത്തിനുള്ളിലും പുറത്തും മനുഷ്യക്കടത്തു സംഘങ്ങൾ സജീവമാകുന്നതായുള്ള അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബിൽ എത്രയുംവേഗം നിയമമാക്കി മാറ്റാനാണു കേന്ദ്ര സർക്കാർ നീക്കം.
കരടുബിൽ വ്യവസ്ഥയനുസരിച്ച് കേസുകളുടെ അന്വേഷണ ചുമതലയും ഏകോപനവും ദേശീയ അന്വേഷണ ഏജൻസിക്കാണ്. പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതുവരെ എൻഐഎ കോടതികളിൽ വിചാരണ നടത്തും. 90 ദിവസത്തിനുളളിൽ കോടതിക്കു കുറ്റപത്രം നൽകി, വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
നിലവിലെ നിയമനുസരിച്ചു കുറ്റപത്രം നൽകാൻ കൃത്യമായ സമയപരിധിയില്ല. ഇപ്പോൾ ഇത്തരം കേസുകളിൽ 7 മുതൽ 10 വർഷം തടവാണ് വരെയാണ് ശിക്ഷയെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം, വ്യാപ്തി, ആവർത്തനം തുടങ്ങിയവ അടിസ്ഥാനമാക്കി വധശിക്ഷ വരെ നൽകാൻ കരടു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
നിലവിൽ 1 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള പിഴശിക്ഷ ഒരു കോടി രൂപയാക്കാനും കോടതിക്ക് അനുമതി നൽകുന്നുണ്ട്. മനുഷ്യക്കടത്തുവഴി സമ്പാദ്യം ഉണ്ടാക്കിയതു തെളിഞ്ഞാലാണു കൂടിയ പിഴ ചുമത്തുക. മുൻകൂർ ജാമ്യം നിഷേധിക്കുന്ന വ്യവസ്ഥ പ്രതിയുടെ അവകാശം ലംഘിക്കുന്നതാണെന്നു അഭിഭാഷകരുടെ ഭാഗത്തുനിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ട്.
ആദ്യ റിമാൻഡിനു ശേഷം പ്രതിയെ വീണ്ടും അന്വേഷണസംഘത്തിന് വിട്ടുകൊടുക്കുന്നത് കൃത്രിമ തെളിവുകൾ ആരോപിക്കാൻ സാഹചര്യമൊരുക്കുമെന്നും നിയമവൃത്തങ്ങൾ നിരീക്ഷിക്കുന്നു. എന്നാൽ വിട്ടുകിട്ടുന്നത് തെളിവുകൾ വ്യക്തവും കൃത്യവുമായി കണ്ടെടുക്കാൻ സഹായിക്കുമെന്ന മറുവാദവും ഉയർന്നിട്ടുണ്ട്.
ബില്ലിലെ മറ്റു വ്യവസ്ഥകൾ
- സംഭവങ്ങൾ കൈകാര്യം ചെയ്യാനും ഇരകൾക്കു സഹായം നൽകാനും കേന്ദ്രത്തിലും സംസ്ഥാന, ജില്ലാതലത്തിലും മനുഷ്യക്കടത്ത് തടയൽ കമ്മിറ്റികൾ.
- ഇരകളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും പ്രത്യേക കേന്ദ്രങ്ങൾ.
- കേസ് റജിസ്ററർ ചെയ്ത് 30 ദിവസത്തിനുളളിൽ ഇരകൾക്ക് ഇടക്കാല സമാശ്വാസതുക നൽകും
- കേസിന്റെ വിചാരണ അടച്ചിട്ട മുറിയിലോ, അല്ലെങ്കിൽ വിഡിയോ കോൺഫറൻസിലൂടെയും മാത്രം. (നിലവിൽ ഈ രീതി പ്രധാനമായും പീഡനകേസുകളിൽ മാത്രമാണുളളത്)
- കേസുകൾ കൂടുതലുളള സ്ഥലത്ത് പ്രത്യേക കോടതികളും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെയും നിയമിക്കും
- രാജ്യത്തു താമസിക്കുന്ന വിദേശികൾക്കും പ്രത്യേക രാജ്യമില്ലാത്തവർക്കും നിയമം ബാധകം.
Discussion about this post