കൊച്ചി : ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ. മരണകാരണം വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതിയുമായി അനന്യ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഡി.എസ്.ജെ.പി. സ്ഥാനാര്‍ത്ഥിയായാണ് അനന്യ മത്സരിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും, മലപ്പുറത്ത് പർദ്ദയിട്ട് വരണമെന്ന് നിര്ബന്ധിച്ചെന്നും ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പില്‍ പിന്മാറുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡി.എസ്.ജെ.പി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടിരുന്നു.












