ഡൽഹി: തെലങ്കാനയിലെ രാമപ്പ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചു. തെലങ്കാനയിലെ വാറംഗലിലെ പാലംപെട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പട്ടികയിൽ ഇടം ലഭിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ ജനങ്ങൾക്കും രാജ്യത്തെ എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മഹത്തായ കാകതീയ സാമ്രാജ്യത്തിന്റെ കരകൗശല വൈദഗ്ധ്യത്തിന്റെയും ശിൽപ്പകലയുടെയും മഹനീയ ഉദാഹരണമാണ് ക്ഷേത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷേത്രം ഏവരും കാണേണ്ടത് തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പതിമൂന്നാം നൂറ്റാണ്ടിൽ രാമപ്പൻ എന്ന ശിൽപ്പിയാണ് രാമപ്പ ക്ഷേത്രം പണിതത്. 2019ലെ യുനെസ്കോ ലോക പൈതൃക പട്ടികയിലേക്കുള്ള ഇന്ത്യയുടെ ഒരേയൊരു നാമനിർദ്ദേശമായിരുന്നു രാമപ്പ ക്ഷേത്രം.
ഭൂകമ്പത്തെ ചെറുക്കുന്ന സാങ്കേതിക വിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
Discussion about this post