ഡൽഹി : പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്ന പുതിയ സമ്പാദ്യ പദ്ധതിയാണ് ‘സുകന്യ സമൃദ്ധി യോജന’. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപപ്പെടുത്തിയിട്ടുളളത്. മറ്റൊരു ചെറുകിട സമ്പാദ്യപദ്ധതിയെന്നു വേണമെങ്കിൽ പറയാം. നിലവിലുള്ള മിക്ക നിക്ഷേപ അവസരങ്ങളെക്കാളും മെച്ചപ്പെട്ടതാണ് ഈ നിക്ഷേപ പദ്ധതി.
പത്തു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ അച്ഛനമ്മമാർക്കോ രക്ഷിതാക്കൾക്കോ സുകന്യ അക്കൗണ്ടുകൾ തുടങ്ങാം. കുറഞ്ഞത് 250 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. പെൺകുട്ടി ഇന്ത്യക്കകത്ത് എവിടെ മാറിത്താമസിച്ചാലും ആ സ്ഥലത്തേക്ക് അക്കൗണ്ട് മാറ്റാവുന്നതാണ്. ഓരോ വർഷവും ചുരുങ്ങിയത് 1000 രൂപയിൽ തുടങ്ങി പരമാവധി 1.5 ലക്ഷം രൂപവരെ സുകന്യ അക്കൗണ്ടിൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി ഒരുവർഷം എത്ര തവണ വേണമെങ്കിലും അടയ്ക്കാം. ഒരു ധനകാര്യ വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും പണം നിക്ഷേപിക്കാവുന്നതാണ്. എന്നാൽ ഒന്നരലക്ഷം രൂപക്ക് മുകളിലെത്തിയാൽ ഉടൻ തന്നെ അധികമുള്ള പണം അക്കൗണ്ട് ഉടമക്ക് തിരിച്ചുനൽകും.
എല്ലാ ബാങ്കുകളിലും, തപാൽ ഓഫീസുകളിലും ഈ അക്കൗണ്ട് തുടങ്ങാനുള്ള അവസരമുണ്ട്. ബാങ്ക് നിക്ഷേപത്തേക്കാളും ഉയർന്ന പലിശ ലഭിക്കുമെന്നതാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകത. സർക്കാർ പദ്ധതിയായതിനാൽ തന്നെ വിശ്വാസയോഗ്യവുമാണ്. പണം ക്യാഷായോ ചെക്കായോ ഡ്രാഫ്റ്റായോ നിക്ഷേപിക്കാവുന്നതാണ്. അക്കൗണ്ടിൽ മിനിമം തുക നിക്ഷേപിക്കാൻ പരാജയപ്പെട്ടാൽ വിഷമിക്കേണ്ട. കുടിശ്ശിക വന്ന തുകക്കൊപ്പം 50 രൂപ പിഴ അടച്ചു അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാവുന്നതാണ്.
പത്തു വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് അക്കൗണ്ടിന് അർഹത. ഒരു കുട്ടിയുടെ പേരിൽ ഒരൊറ്റ അക്കൗണ്ട് മാത്രമേ തുടങ്ങാൻ കഴിയുകയുള്ളൂ. 2014 ഡിസംബർ 2നാണ് ഈ പദ്ധതി തുടങ്ങിയത്. അന്ന് 2015 ഡിസംബർ ഒന്നിനകം പദ്ധതിയിൽ ചേരുന്ന കുട്ടികൾക്ക് ഒരു വർഷത്തെ ഗ്രേസ് അനുവദിച്ചിരുന്നു. അതായത് 2003 ഡിസംബർ 2 നും 2003 ഡിസംബർ ഒന്നിനും ഇടക്ക് ജനിച്ച കുട്ടികളെയും പദ്ധതിയിൽ ചേർക്കാൻ അനുവദിച്ചിരുന്നു. ഈ പദ്ധതിയിൽ ചേരാനും അത് തുടരാനും പദ്ധതിയുടെ കാലാവധിക്കകത്ത് പെൺകുട്ടി ഇന്ത്യയിൽ താമസിക്കുന്നതാവണമെന്നു നിർബന്ധമുണ്ട്. അക്കൗണ്ടിലെ പേര് സുകന്യ സമൃദ്ധി പദ്ധതി പെൺകുട്ടിയുടെ പേരിലായിരിക്കണം തുടങ്ങുന്നത്. രക്ഷാകർത്താവ് പദ്ധതിയിൽ സമ്പാദ്യം നിക്ഷേപിക്കുന്ന നിക്ഷേപകൻ മാത്രമായിരിക്കും.
കുട്ടി പ്രായപൂർത്തിയാകുന്നതോടെ അക്കൗണ്ട് അവളുടെ പേരിലാകും. 15 വർഷത്തേതാണ് നിക്ഷേപ പദ്ധതി. പെൺകുട്ടിക്ക് 21 വയസാകുമ്പോൾ കാലാവധി പൂർത്തിയാകും. ഒരു കുടുംബത്തിന് രണ്ടു അക്കൗണ്ടുകൾ മാത്രമേ ആരംഭിക്കാനാകൂ. രണ്ടാമത്തേത് ഇരട്ടകളോ മൂന്നു കുട്ടികളോ ആണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റോടെ അക്കൗണ്ട് ആരംഭിക്കാം.
2021 സെപ്റ്റംബറിൽ അവസാനിക്കുന്ന സാമ്പത്തിക പാദത്തിൽ പ്രതിവർഷം 7.6 ശതമാനം പലിശ ലഭിക്കും. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പലിശ അക്കൗണ്ടിൽ നിക്ഷേപിക്കും. കൂടാതെ ഈ അക്കൗണ്ട് നികുതി പരിധിക്ക് പുറത്തായിരിക്കും.
അക്കൗണ്ട് ആരംഭിച്ച് അഞ്ചുവർഷത്തിന് ശേഷം അക്കൗണ്ട് ഉടമയുടെ ഗുരുതര രോഗം, പെൺകുട്ടിയുടെ മാതാപിതാക്കളുടെ മരണം തുടങ്ങിയവ സംഭവിക്കുകയാണെങ്കിൽ പണം പിൻവലിക്കാം. കാലാവധി അവസാനിക്കാതെ പണം പിൻവലിക്കുേമ്പാൾ മതിയായ രേഖകൾ ഹാജരാക്കാൻ അക്കൗണ്ട് ഉടമക്ക് സാധിക്കണം.
പെൺകുട്ടിക്ക് 18 വയസാകുേമ്പാഴോ, പത്താം ക്ലാസിന് ശേഷമോ അക്കൗണ്ടിൽ നിന്ന് 50 ശതമാനം തുക പണം പിൻവലിക്കാം. 21 വയസാകുമ്പോൾ മുഴുവൻ തുകയും അക്കൗണ്ടിൽനിന്ന് പിൻവലിക്കാം. പണം പിൻവലിച്ചില്ലെങ്കിൽ പലിശ തുടർന്നും ലഭിക്കും.
Discussion about this post