ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കൂടുതൽ കേരളത്തിലെന്ന് നീതി ആയോഗ്. കേരളത്തിൽ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയിൽ നിന്ന് 1.2 ആളുകളിലേക്ക് വൈറസ് വ്യാപിക്കുന്നതായാണ് കണക്ക്.
വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം കേരളത്തിലാണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകൾ. ബാക്കി 15 എണ്ണം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താരതമ്യേന രോഗവ്യാപന നിരക്ക് കുറവാണ്.
ജൂൺ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച് മലപ്പുറത്ത് 59 ശതമാനവും തൃശ്ശൂരിൽ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വർധനയുണ്ടായി. കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളിൽ രോഗം വൻതോതിൽ കൂടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാൻ സംസ്ഥാനവുമായി നിരന്തര സമ്പർക്കത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തിലെ വൈറസിന്റെ അതിവേഗവ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്. വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം. സമീപജില്ലകളിലും രോഗം കൂടാനിടയുണ്ട്. രോഗം വളരെ കുറഞ്ഞിരുന്ന അവസ്ഥയിൽ നിന്നാണ് ഈ വർധനയുണ്ടായത് എന്നത് ആശങ്കാജനകമാണ്. അനാവശ്യയാത്രകൾ, ആൾക്കൂട്ടം, ആഘോഷം എന്നിവ ഒഴിവാക്കണം. വലിയ കൂടിച്ചേരലുകൾക്ക് സമയമായിട്ടില്ല. രണ്ടാം തരംഗം അവസാനിച്ചിട്ടുപോലുമില്ലെന്ന് ഓർക്കണമെന്നും നീതി ആയോഗ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം രാജ്യത്ത് പൊതുവിൽ കൊവിഡ് വ്യാപനം കുറയുകയാണ്. പ്രതിദിനരോഗികളുടെ എണ്ണം 29,689 ആയി കുറഞ്ഞു.
Discussion about this post