തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിലെ പ്രതിയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം പുറത്ത്. സുപ്രീം കോടതി വിധി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും വിചാരണ കോടതിയിൽ കേസുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തകർക്ക് ഇത്തരം അനുഭവങ്ങൾ പതിവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജി വെക്കുന്ന കാര്യത്തിൽ അദ്ദേഹം പ്രതികരണമൊന്നും നടത്തിയില്ല.
അതേസമയം കോടതി വിധി സ്പീക്കറുടെ അധികാരത്തിന്മേലുള്ള വൈകാരികമായ കടന്നു കയറ്റമാണെന്ന വാദമാണ് ഇടത് ചിന്തകന്മാർ മുന്നോട്ട് വെക്കുന്നത്. എന്നാൽ ഇത് നിലനിൽക്കില്ലെന്നും തത്കാല ആശ്വാസത്തിനായുള്ള ശ്രമമായിരിക്കാമെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിയമസഭാ കൈയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. നിയമസഭയ്ക്കുള്ളിലെന്നല്ല എവിടെയാണെങ്കിലും ക്രിമിനൽ കുറ്റം ക്രിമിനൽ കുറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കുന്നതിനെ ഒന്നിന്റെ പേരിലും ന്യായീകരിക്കാനാവില്ല. സാമാജികരുടെ പരിരക്ഷ ഇതിന് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post