കണ്ണൂർ: ഇരുചക്ര വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ നമ്പറിനൊപ്പം സ്വന്തം പേരും എഴുതി ചേർത്ത യുവാവിന് പിഴ. കുഞ്ഞിമംഗലത്തെ എം.കെ.പി മുഹമ്മദലിയില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ 13,000 രൂപയാണ് പിഴയായി ഈടാക്കിയിരിക്കുന്നത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പയ്യന്നൂര്‍ ആര്‍.ടി ഓഫിസിലെ എം.ജി സുധീഷാണ് നടപടിക്ക് ശുപാർശ നൽകിയത്. പയ്യന്നൂർ ജോയിന്റ് ആര്‍.ടി.ഒ ടി.പി പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ജോയിന്റ് ആര്‍.ടി.ഒ നടത്തിയ വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നോടെ കുഞ്ഞിമംഗലം ആണ്ടാംകൊവ്വലില്‍ നിന്നുമാണ് വാഹനം പിടികൂടിയത്.
കെ.എല്‍ 13 എ.എല്‍ 1888 എന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളിന്റെ നമ്പർ മുഹമ്മദലിയുടെ പേരിനോട് സാമ്യം വരുന്ന തരത്തില്‍ കെ.എല്‍ 13 എ.എല്‍.ഐ 888 എന്നാണ് വാഹനത്തില്‍ രേഖപ്പെടുത്തിയിരുന്നത്. നിയമപരമല്ലാത്ത രീതിയില്‍ ഇത്തരത്തില്‍ നമ്പർ പ്ലേറ്റ് സ്ഥാപിച്ചതിനാണ് പിഴ ഈടാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.












