മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടം ആണ്ടല്ലൂരിൽ സിപിഎം പ്രവർത്തകരുടെ കത്തിക്കിരയായ ബിജെപി പ്രവർത്തകൻ സന്തോഷിന്റെ മകളാണ് വിസ്മയ. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയവരിൽ വിസ്മയയും ഉണ്ടായിരുന്നു. ഇന്ന് റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയാണ് വിസ്മയ വിജയിച്ചിരിക്കുന്നത്.
സന്തോഷിനെ സിപിഎം കൊലപ്പെടുത്തിയതിന് പിന്നാലെ തന്റെ അച്ഛനെ കൊന്നതെന്തിനെന്ന് ചോദിച്ചു കൊണ്ടുളള വിസ്മയയുടെ സാമൂഹ്യമാദ്ധ്യമങ്ങളിലെ പോസ്റ്റ് ദേശീയ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് സുരേഷ്‌ഗോപി എംപിയും വിസ്മയയെ സന്ദർശിച്ചിരുന്നു.
‘അവർ കൊന്നത് എന്റെ അച്ഛനെ മാത്രമല്ല, എന്റെ സ്വപ്നങ്ങളെയാണ്, എന്റെ ഭാവിയാണ്, എന്തു തെറ്റാണ് തന്റെ അച്ഛൻ ചെയ്തതെന്നാണ് വിസ്മയ അന്ന് ചോദിച്ചത്. ഇതാണ് സോഷ്യൽമീഡിയയിൽ വൈറലായത്.
രണ്ടുവർഷങ്ങൾക്ക് ശേഷം എസ്എസ്എൽസി പരീക്ഷയിൽ അച്ഛന്റെ ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷം വിസ്മയ പങ്കുവെച്ചിരുന്നു. കടമ്പൂർ ഹയർസെക്കന്ററി സ്‌ക്കൂളിലെ എസ്.എസ്.എൽ.സി. വിദ്യാർത്ഥിനിയായ വിസ്മയ അച്ഛന്റെ വേർപാടിന്റെ വിഷമങ്ങൾക്കിടയിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.
2017 ജനുവരിയിലാണ് ഒരു കൂട്ടം അക്രമികൾ സന്തോഷിന്റെ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. സ്വകാര്യ ടി.വി. ചാനലിൽ ക്വിസ് മത്സരത്തിൽ വിജയം വരിച്ച വിസ്മയയെ പഠിപ്പിച്ച് വലുതാക്കാൻ ആഗ്രഹിച്ചിരുന്നു സന്തോഷ്. പരീക്ഷാ കാലങ്ങളിൽ ഉറക്കം വരുമ്പോൾ മുഖത്ത് വെള്ളം തളിച്ചും നേരം വൈകുവോളം കൂട്ടിരുന്നും വിസ്മയയുടെ പഠനത്തിന് താങ്ങായി സന്തോഷുമുണ്ടായിരുന്നു. കണക്ക് നന്നായി പറഞ്ഞ് കൊടുക്കാനും പരീക്ഷക്ക് പോകാനൊരുങ്ങുമ്പോഴേക്കും സംശയങ്ങളെല്ലാം തീർത്ത് ആ അച്ഛൻ മകൾക്ക് ആവോളം പ്രോത്സാഹനം നൽകിയിരുന്നു.
അച്ഛന്റെ ആഗ്രഹം സഫലീകരിക്കാൻ ലക്ഷ്യമിട്ടാണ് വിസ്മയ ഇപ്പോൾ മുന്നോട്ട് കുതിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട വിസ്മയക്ക് അതിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും മോചനം ലഭിച്ചിട്ടില്ല.
വിസ്മയയുടെ മികച്ച വിജയത്തിന് നിരവധി വ്യക്തികൾ നേരിട്ടും ഫോൺ വഴിയും ആശംസകൾ നേർന്നുവരികയാണ്.
2017 ജനുവരി 19 നാണ് സന്തോഷിനെ സിപിഎം കൊലക്കത്തിക്ക് ഇരയാക്കിയത്. കഴിഞ്ഞ തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു സന്തോഷ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ തന്നെ സന്തോഷ് കുമാറിനെ സിപിഎം നോട്ടമിട്ടിരുന്നു. ധർമ്മടം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലായിരുന്നു സന്തോഷ് മത്സരിച്ചത്. ഇതാണ് സന്തോഷിനെ ഇല്ലാതാക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
Discussion about this post