റാഞ്ചി: പ്രഭാത സവാരിക്കിടെ ജഡ്ജിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ആണ് കൊല്ലപ്പെട്ടത്.
ആറ് മാസത്തിന് മുൻപാണ് ഉത്തം ആനന്ദ് ധൻബാദിൽ നിയമനം നേടുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ജഡ്ജിയെ കൊല്ലാൻ മനപൂർവമാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇടിയേറ്റ് തെറിച്ചു വീണ ജഡ്ജിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ മരണം സംബവിക്കുകയായിരുന്നു.
പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. ജഡ്ജിയെ ഇടിച്ച വാഹനം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഉത്തം ആനന്ദ് കൈകാര്യം ചെയ്തിരുന്ന കേസുകളെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.










