കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യയുടെ സഹായം തേടി അഫ്ഗാൻ സർക്കാർ. വിഷയം ചർച്ച ചെയ്യാൻ അടിയന്തിരമായി ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ യോഗം വിളിച്ചു ചേർക്കാനുള്ള സാധ്യതകൾ തേടാനാണ് അഫ്ഗാനിസ്ഥാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ഇന്ത്യയാണ്. വിദേശികളോടും വിദേശ ഭീകരവാദ ശക്തികളോടും സഖ്യം ചേർന്നാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ ആക്രമണം അഴിച്ചു വിടുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അഫ്ഗാനിസ്ഥാൻ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ പാകിസ്ഥാനെയാണ് അഫ്ഗാൻ സർക്കാർ പരോക്ഷമായി പ്രതിക്കൂട്ടിൽ നിർത്തുന്നത്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ അക്രമങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ഇന്ത്യ ശക്തമായ ആശങ്ക അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ സമാധാന പുനസ്ഥാപനത്തിന് ശക്തമായ സംഭാവന നൽകുന്ന രാജ്യമാണ് ഇന്ത്യ.











