തിടനാട്: പൊലീസ് സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയാണ് സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഉജ്വല ഭാസി. യൂണിഫോം ഇടാതെ സമൂഹത്തിൽ രഹസ്യമായി ഇടപെട്ട് പൊലീസിന്റെ പ്രവർത്തനത്തിനു വേണ്ട വിവരങ്ങൾ ശേഖരിക്കുകയാണ് സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിന്റെ ചുമതല.
പൊലീസിൽ വനിതകൾ ഉണ്ടെങ്കിലും സ്പെഷൽ ബ്രാഞ്ചിൽ ഇതുവരെ ആരെയും നിയമിച്ചിട്ടില്ല. സ്പെഷൽ ബ്രാഞ്ചിൽ തിടനാട് പൊലീസ് സ്റ്റേഷനിലാണ് നിയമനം. ഇതുവരെ ചെയ്യാത്ത ജോലി ആയതിനാൽ മൂന്നു ദിവസം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി.കോരയുടെ നേതൃത്വത്തിൽ ഉജ്വലയ്ക്ക് 3 ദിവസം പരിശീലനം നൽകി.
ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയാണ് നിയമനത്തിനു പിന്നിൽ. ‘പൊലീസിൽ മറ്റ് എല്ലാ വിഭാഗത്തിലും വനിതകളുണ്ട്. സ്പെഷൽ ബ്രാഞ്ചിൽ ഇല്ല. അതിനാൽ വനിതകളെ നിയമിക്കാൻ തീരുമാനിച്ചു. എല്ലാ വനിതാ ഉദ്യോഗസ്ഥരോടും താൽപര്യം ചോദിച്ചു. ഉജ്വല മാത്രമാണ് തയാറായത്’– ഡി. ശിൽപ പറഞ്ഞു. എല്ലാ വിഭാഗത്തിലും ജോലി ചെയ്യാൻ തയാറാണെന്നും പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലി ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും ഉജ്വല പറഞ്ഞു. പാലാ, ഈരാറ്റുപേട്ട, തിടനാട് എരുമേലി എന്നീ സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. തിടനാടാണ് വീട്. ഭർത്താവ് അനീഷ് പൂഞ്ഞാർ ഐഎച്ച്ആർഡി കോളജ് ഉദ്യോഗസ്ഥനാണ്. വിദ്യാർഥികളായ പവൻ, കിഷൻ എന്നിവരാണ് മക്കൾ.












