കാബൂൾ: സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷം വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ കുണ്ടൂസ് പിടിച്ചെടുത്ത് താലിബാന്‍. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയർത്തിയിട്ടുണ്ട്. നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭീകരവാദികളുടെ പിടിയിലായെന്നാണ് പ്രദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇവിടുത്തെ കെട്ടിടങ്ങളും കടകളും അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ചക്ക് ശേഷം നാല് പ്രാദേശിക തലസ്ഥാനങ്ങളാണ് താലിബാന്‍ കീഴടക്കിയിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനമാണ് കുണ്ടൂസ്.
കുണ്ടൂസ് കീഴടക്കിയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു വടക്കന്‍ നഗരമായ സാര്‍ ഇ പൂളും താലിബാന്‍ കീഴടക്കിയിട്ടുണ്ട്. അതേ സമയം കൈവിട്ട നഗരങ്ങളില്‍ സൈന്യം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പിടിച്ചെടുത്ത നഗരങ്ങളിലെ ജയിലില്‍ നിന്ന് നൂറുകണക്കിന് താലിബാനികളെ മോചിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് മാസത്തില്‍ താലിബാന്‍ പോരാട്ടം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണ് കുണ്ടൂസ് പിടിച്ചെടുക്കല്‍.
രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളിലേക്കുള്ള ഒരു കവാടമായിട്ടാണ് ഈ നഗരം കണക്കാക്കപ്പെടുന്നത്. തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളുമായി കുണ്ടുസിനെ ബന്ധിപ്പിക്കുന്ന ഹൈവേകള്‍ ഉള്ളതിനാല്‍ അതിന്റെ സ്ഥാനം തന്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു, കൂടാതെ കുണ്ടൂസ് താജികിസ്താനുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്. അഫ്ഗാനില്‍ നിന്ന് യൂറോപ്പിലേക്കും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഒഴുകുന്ന ഒരു അതിര്‍ത്തികൂടിയാണിത്.












