ഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതികളുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതി. കഴിഞ്ഞ സെപ്തംബര്‍ 16-ന് ശേഷം പിന്‍വലിച്ച കേസുകള്‍ നിയമസഭ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകള്‍ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന അമിക്കസ്ക്യൂറി ശുപാര്‍ശ അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് കേസുകളുടെ സ്വഭാവം കൃത്യമായി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൊതുതാല്പര്യം കണക്കിലെടുത്ത് മാത്രമായിരിക്കണം തീരുമാനമെന്നും കോടതി വ്യക്തമാക്കി.
Discussion about this post