ഡൽഹി: വിഭജനത്തിന്റെ മുറിവുകൾ ഇന്നും രാജ്യത്തെ വേദനിപ്പിക്കുന്നുവെന്ന് സ്വാതന്ത്ര്യ ദിനത്തിലെ അഭിസംബോധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജനം പോയ നൂറ്റാണ്ടിലെ മഹാദുരന്തങ്ങളിൽ ഒന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മൾ ആഘോഷിക്കുന്നു, പക്ഷേ വിഭജനത്തിന്റെ വേദന ഇന്നും രാജ്യത്തിന്റെ ഹൃദയം തുളയ്ക്കുകയാണ്.‘ ദേശീയ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മരണ ദിവസമായി ആചരിക്കാനുള്ള തീരുമാനം അദ്ദേഹം വിശദീകരിച്ചു. വിഭജനത്തിന്റെ നാളുകളിൽ രാജ്യത്തെ ജനങ്ങൾ അനുഭവിച്ച വേദനകളുടെയും യാതനകളുടെയും സ്മരണയ്ക്കാണ് ഈ ദിനാചരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിഭജനത്തിന്റെ വേദന രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അക്കാലത്തെ വിദ്വേഷവും അക്രമങ്ങളും കാരണം നമ്മുടെ രാജ്യത്തെ ലക്ഷോപലക്ഷം സഹോദരീ സഹദോരനമാർക്ക് അവരുടെ ജീവൻ നഷ്ടമായി. നിരവധി പേർക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
വിവേചനത്തിന്റെയും ശത്രുതയുടെയും വിഷവിത്തുകളെ ഉന്മൂലനം ചെയ്യാനും ഐക്യത്തിന്റെയും സാമൂഹ്യ സാഹോദര്യത്തിന്റെയും മാനവികതയുടെയും ശക്തികൾക്ക് ഊർജ്ജം പകരാനും ഈ ദിനാചരണങ്ങൾക്ക് കഴിയട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post