തിരുവനന്തപുരം: വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികൾക്കുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ. എന്നാൽ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടുമാസമായി ആളില്ല. വിവാദത്തിന്റെ പേരിൽ രാജി വയ്ക്കേണ്ടിവന്ന കേന്ദ്ര കമ്മിറ്റിയംഗം എം.സി.ജോസഫൈനു പകരം ആരെ നിയമിക്കുമെന്നു തല പുകയ്ക്കുകയാണു സിപിഎം. മുഴുവൻ സമയ പാർട്ടി പ്രവർത്തക വേണോ, പാർട്ടിക്കു പുറത്തുനിന്നു നിയമപരിജ്ഞാനമുള്ളയാൾ വേണോ എന്ന സംശയത്തിലാണു പാർട്ടി.
ചാനലിന്റെ ഫോൺ പരിപാടിയിൽ ഗാർഹിക പീഡനത്തെക്കുറിച്ചു പരാതി പറയാൻ വിളിച്ച സ്ത്രീയോടു മോശമായി പെരുമാറിയതാണ് എം.സി. ജോസഫൈന്റെ രാജിയിലേക്കു നയിച്ചത്. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ഉപദ്രവത്തെക്കുറിച്ചു പൊലീസിനെ അറിയിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞപ്പോൾ, ‘എന്നാൽ പിന്നെ അനുഭവിച്ചോ കേട്ടോ’ എന്നായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സിപിഎം നേതൃത്വത്തിനും അതൃപ്തിയുണ്ടായതോടെ തിടുക്കപ്പെട്ട് പാർട്ടി രാജി വയ്പിക്കുകയായിരുന്നു. വനിതാ കമ്മിഷന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു പുറത്തുപോക്ക് ആദ്യമായിരുന്നു.
1996ൽ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണു സംസ്ഥാനത്തെ വനിതാ കമ്മിഷൻ. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം, കെ.സി.റോസക്കുട്ടി എന്നിവർ ജോസഫൈനു മുൻപ് അധ്യക്ഷ സ്ഥാനം വഹിച്ചു. ഇതിൽ ഡി. ശ്രീദേവി രണ്ടു തവണയായി ആറു വർഷം അധ്യക്ഷ സ്ഥാനത്തിരുന്നിട്ടുണ്ട്. 2017ൽ നിയമിക്കപ്പെട്ട എം.സി.ജോസഫൈൻ കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കേയാണു രാജിവച്ചത്. ഏറ്റവുമധികം കാലം കമ്മിഷൻ അംഗമായിരുന്ന റെക്കോർഡ് നൂർബിന റഷീദിനാണ്. ആദ്യത്തെ വനിതാ കമ്മിഷനിലും അംഗമായിരുന്ന നൂർബിന, മൂന്നു കമ്മിഷനുകളുടെ കാലത്ത് അംഗമായിരുന്നിട്ടുണ്ട്.
അഞ്ചു മുൻ വനിതാ കമ്മിഷൻ അധ്യക്ഷരിൽ പാർട്ടിയിൽ ഉയർന്ന പദവിയുള്ളയാൾ എം.സി.ജോസഫൈനായിരുന്നു. പാർട്ടിയിലെ വിഭാഗീയ ബലാബലത്തിൽ വി.എസ്.അച്യുതാനന്ദനൊപ്പം നിലയുറപ്പിച്ച നേതാവാണ് എം.സി.ജോസഫൈൻ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ വി.എസ്. പാർട്ടിയിലും സർക്കാരിലും അപ്രസക്തനായി മാറിയിരുന്നു. വിഎസ് വിഭാഗത്തെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യവും വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ജോസഫൈന്റെ നിയമനത്തിനു പിന്നിലുണ്ടായിരുന്നു. മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തക അധ്യക്ഷ സ്ഥാനത്തുവന്നാൽ സ്ത്രീകളുടെ പ്രശ്നങ്ങളിൽ കൂടുതലായി ഇടപെടാൻ കഴിയുമെന്നതായിരുന്നു പാർട്ടി പുറത്തുപറഞ്ഞ ന്യായീകരണം. എന്നാൽ അധ്യക്ഷ സ്ഥാനത്തിരുന്നു തുടർച്ചയായി ജോസഫൈൻ വിവാദങ്ങളുണ്ടാക്കിയതോടെ, രാഷ്ട്രീയ നേതാവിനെ വച്ചുള്ള വനിതാ കമ്മിഷൻ അധ്യക്ഷ പരീക്ഷണം പാളിയെന്നു നേതൃത്വം തിരിച്ചറിഞ്ഞു.
പി.കെ.ശ്രീമതി, പി.സതീദേവി, സുജ സൂസൻ ജോർജ്, എൻ.സുകന്യ എന്നിങ്ങനെ പാർട്ടി നേതാക്കളായ ഒരുപിടി വനിതകളുടെ പേരുകൾ പാർട്ടിക്കു മുൻപിലുണ്ട്. എന്നാൽ ജസ്റ്റിസ് ഡി.ശ്രീദേവിയെപ്പോലെ നിയമപരിജ്ഞാനവും പാർട്ടിക്കു പുറത്തു കൂടി അംഗീകാരവും ലഭിക്കുന്ന ഒരാൾ വരണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. ഈ ദിവസങ്ങളിൽ നടക്കുന്ന സിപിഎം നേതൃയോഗങ്ങളിൽ ചർച്ച ഉയർന്നു വരാനിടയുണ്ട്.
ജോസഫൈനു പകരം നടക്കുന്ന നിയമനം വളരെ സൂക്ഷ്മതയോടെ വേണമെന്നു സിപിഎം കണക്കുകൂട്ടുന്നു. എന്നാൽ രണ്ടു മാസമായി പാർട്ടിക്കു തീരുമാനത്തിലെത്താൻ കഴിയാത്തതു വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സ്ത്രീധനപീഡനക്കേസുകളും ആത്മഹത്യകളും തുടർച്ചയായി നടക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ ഇതേക്കുറിച്ചു പലവട്ടം ചോദ്യം ഉയർന്നിരുന്നു.
നടപടികൾ സ്വീകരിച്ചുവരികയാണെന്ന മറുപടിയാണു സർക്കാരിൽനിന്നു ലഭിച്ചത്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ സർക്കാർ വലിയ പ്രചാരണ പരിപാടി തുടങ്ങിവച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ അതിവേഗ വിചാരണ നടത്താൻ പ്രത്യേക കോടതി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. സ്ത്രീധനത്തിനെതിരെ ഗവർണർ നടത്തിയ ഉപവാസം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഡംബര വിവാഹങ്ങൾക്കെതിരെയുള്ള ബിൽ വനിതാ–ശിശുവികസന വകുപ്പിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ എത്രയും വേഗം അധ്യക്ഷയെ കണ്ടെത്താൻ സിപിഎം നിർബന്ധിതമായിരിക്കുകയാണ്.
ഷിജി ശിവജി, എം.എസ്.താര, ഇ.എം.രാധ, ഷാഹിദ കമാൽ എന്നീ നാല് അംഗങ്ങളാണു നിലവിൽ കമ്മിഷനിലുള്ളത്. സ്ഥിരം അധ്യക്ഷയുടെ അഭാവത്തിൽ ഓരോ യോഗത്തിലും ഇവർ ഓരോരുത്തരുമാണ് അധ്യക്ഷ സ്ഥാനം വഹിച്ചുവരുന്നത്. ഇക്കൂട്ടത്തിൽ ഷാഹിദ കമാൽ പിഎച്ച്ഡി വിവാദത്തിലും സെൽഫി വിവാദത്തിലും ചെന്നു പെട്ടിരുന്നു.
Discussion about this post