ഇടുക്കി: തൊടുപുഴയിൽ നഗര മധ്യത്തിൽ 60കാരൻ മരിച്ച നിലയിൽ. കുമ്പംകല്ല് സ്വദേശി ജബ്ബാർ ആണ് മരിച്ചത്. ശരീരത്തിൽ മാരകമായ മുറിവുകൾ ഉളളതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ജില്ലാ വിദ്യാഭ്യാസ ഓഫിസിന് സമീപമാണ് ജബ്ബാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്തും ശരീരത്തും മാരകമായ മുറിവുകളുണ്ട്. മുൻപ് ഈ ലോഡ്ജിലെ താമസക്കാരനായിരുന്നു ജബ്ബാർ. സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ മൊഴി. ശരീരത്തിലുള്ള പരുക്കുകളാണ് കൊലപാതക സാധ്യത തള്ളികളയാത്തതിന് കാരണം. മൃഗങ്ങളുടെ ആക്രമണമാകാമെന്നും സംശയമുണ്ട്.
പോസ്റ്റുമോർട്ടത്തിനു ശേഷമെ മരണകാരണത്തെ കുറിച്ച് കൃത്യമായി പറയാനാകുവെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക്, ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.












