കൊല്ലം: കൊല്ലം കൊട്ടിയത്തെ യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് നിസാം കുറ്റം സമ്മതിച്ചു. കൊട്ടിയം ഉമയനല്ലൂര്‍ മൈലാപ്പൂര് തൊടിയില്‍ പുത്തന്‍ വീട്ടില്‍ 27 വയസ്സുള്ള നിഷാനയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. രാവിലെ ഭര്‍ത്താവ് നിസാമിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നിഷാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിഷാന തൂങ്ങിമരിക്കാന്‍ ശ്രമിച്ചു എന്നാണ് നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും യുവതി മരിച്ചിരുന്നു. കൊലപാതകമെന്ന സംശയം ആശുപത്രി അധികൃതര്‍ പ്രകടിപ്പിച്ചതോടെ കൊട്ടിയം പൊലീസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും നിഷാനയുടെ വീട്ടില്‍ തെളിവെടുപ്പു നടത്തി. നിഷാനയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടു പോയതിനു പിന്നാലെ പാരിപ്പള്ളിയില്‍ നിന്ന് ഭര്‍ത്താവ് നിസാമിനെ ചാത്തന്നൂര്‍ എസിപിയുടെ നിര്‍ദ്ദേശാനുസരണം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ നിസാം കുറ്റം സമ്മതിച്ചു. മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് നിസാം പൊലീസിന് നല്കിയ മൊഴി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷോള് തെളിവെടുപ്പ് സമയത്ത് കണ്ടെത്തി. പ്രതിക്ക് മൂന്ന് മക്കളുണ്ട്.
Discussion about this post