ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കൽക്കട്ട ഹൈക്കോടതി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എത്രയും വേഗം സിബിഐക്ക് കൈമാറണമെന്നും കോടതി വിധിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തിയ എല്ലാ കേസുകളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി അറിയിച്ചു.
ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി ബിജെപി അറിയിച്ചു. ഇത് പശ്ചിമ ബംഗാളിലെയും ഇന്ത്യയിലെയും എല്ലാ പൗരന്മാരും സ്വാഗതം ചെയ്യുന്ന വിധിയാണെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ‘സത്യമേവ ജയതേ‘ എന്നായിരുന്നു കേസിൽ പരാതിക്കാരിയായ മറ്റൊരു ബിജെപി നേതാവ് പ്രിയങ്ക ടൈബർവാളിന്റെ പ്രതികരണം.








