കാബൂള്‍: താലിബാന് പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്ന ജനങ്ങളെ പരമാവധി സുരക്ഷിതമായി വിവിധയിടങ്ങളിലെത്തിക്കുകയാണ് അമേരിക്കന്‍ സേന. ഇതിനിടെ വ്യത്യസ്തമായൊരു ദൗത്യവും അമേരിക്കന്‍ ദൗത്യസേനയെ തേടിയെത്തി. അഫ്ഗാന് അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാനുളള രംസ്തേന്‍ എയര്ബേസിലേക്കുളള യാത്രക്കിടെ അഫ്ഗാന് സ്വദേശിയായ യുവതി അമേരിക്കയുടെ സി-17 രക്ഷാ വിമാനത്തില്‍ പ്രസവിച്ചു.
അമ്മയും വിമാനത്തില്‍ പിറന്ന പെണ്‍കുഞ്ഞും സുരക്ഷിതമായി ആശുപത്രിയിലെത്തിയെന്ന് അമേരിക്കന്‍ സേന അറിയിച്ചു. സേന ഇരുവരെയും യുഎസ് മെഡിക്കല്‍ ടീമിന് കൈമാറി.
കാബൂള്‍ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരണമടഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് വിവരമറിയിച്ചത്. എന്നാല്‍ ഈ പ്രശ്നത്തിന് പിന്നില്‍ അമേരിക്കയാണെന്ന് താലിബാന് കുറ്റപ്പെടുത്തി. രാജ്യത്താകെ ശാന്തിയും സമാധാനവും ഉണ്ടെന്നും താലിബാന് വ്യക്തമാക്കി. അഫ്ഗാനിലെ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട്. ഇന്ന് യുഎഇയും തയ്യാറാണെന്ന് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമെന്നാണ് അഫ്ഗാന് ദൗത്യത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വിശേഷിപ്പിച്ചത്.
Discussion about this post