കൊടുങ്ങല്ലൂര്‍: ചതയദിനത്തിൽ 60 അടി വലുപ്പത്തില്‍ ശ്രീനാരായണഗുരുവിന്റെ ഛായാചിത്രം ഒരുക്കി വീണ്ടും ഡാവിഞ്ചി ചിത്ര വിസ്മയം.ഒരു ടണ്‍ പൂക്കളിലാണ് ഈ ചിത്രവിസ്മയം രൂപമെടുത്തത്. ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം കൊടുങ്ങല്ലൂര്‍ യൂണിയന് വേണ്ടിയാണ് ഡാവിഞ്ചി സുരേഷ് ഗുരുവിന്റെ വമ്പൻ ബഹുവര്‍ണ ഛായാചിത്രം തീര്‍ത്തത്.
ഗുരുഭക്തനായ കൊടുങ്ങല്ലൂര്‍ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് രണ്ടുലക്ഷം രൂപ വിലമതിക്കുന്ന പൂക്കള്‍ സംഭാവനയായി നല്‍കിയത്. എട്ടു മണിക്കൂറോളം ചെലവഴിച്ച് എട്ടുതരം പൂക്കള്‍ കൊണ്ടാണ് ചിത്രമൊരുക്കിയത്. ഓറഞ്ച് ചെണ്ടുമല്ലി, മഞ്ഞ ചെണ്ടുമല്ലി, മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ്, അരളി, ചെത്തിപ്പൂ, വാടാമല്ലി എന്നീ പൂക്കളാണ് ഉപയോഗിച്ചത്.
കൊടുങ്ങല്ലൂര്‍ കാവില്‍ കടവ് കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്വെന്ഷന് സെന്റര്‍ ഉടമ നസീര്‍ മൂന്നു ദിവസം ഇതിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനല്‍കി. ഒരുപാട് പേരുടെ കൂട്ടായ്മയിലാണ് ഗുരുവിന്റെ ഭീമാകാര ചിത്രം പിറവിയെടുത്തത്. നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിെന്റ 73ാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം.
പൂക്കളമൊരുക്കാന് ഫെബി, ഷാഫി, ഇന്ദ്രജിത്ത്, ഇന്ദുലേഖ, ദേവി, മിഥുന്, റിയാസ് ദര്‍ബാര്‍ എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ യൂനിയന്‍ സെക്രട്ടറി പി.കെ. രവീന്ദ്രന്, യോഗം കൗണ്‍സിലര്‍ ബേബി റാം, വൈസ് പ്രസിഡന്റ് ജയലക്ഷ്മി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, യൂനിയന്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post