ഇടുക്കി: എല്‍ഡിഎഫ് ഭരിക്കുന്ന ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരേ അഴിമതി ആരോപണവുമായി സി.പി.ഐ. നേതാക്കള്‍. വ്യാജപട്ടയത്തിന്മേല്‍ ബാങ്ക് ലോണ്‍ നല്‍കിയത് അടക്കമുള്ള നിരവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് സിപിഐ അംഗങ്ങള്‍ ബാങ്ക് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനം സംബന്ധിച്ചും ബാങ്കിലെ ജീവനക്കാരുടെ എണ്ണം, വേതനം എന്നിവ സംബന്ധിച്ചും സി.പി.ഐ. അംഗങ്ങള്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മൗണ്ട് വ്യൂ എന്ന പേരില്‍ ബാങ്ക് ചിന്നക്കലാലില്‍ ഒരു റിസോര്‍ട്ട് നടത്തുന്നുണ്ട്. ഇതിന്റെ ദൈനംദിന പ്രവര്‍ത്തനം, എത്ര തുക വരുമാനം ലഭിക്കുന്നുണ്ട്, റിസോര്‍ട്ടിന്റെ നിര്‍മാണത്തിനും ഇത് വിലയ്ക്ക് വാങ്ങുന്നതിനും എത്ര തുക ചെലവായി എന്നതുള്‍പ്പടെയുളള ഒമ്പതോളം ചോദ്യങ്ങളാണ് സെക്രട്ടറിയോട് ഭരണസമിതി അംഗങ്ങള്‍ തന്നെ ഉന്നയിച്ചിരിക്കുന്നത്.
ബാങ്കിന്റെ പേരില്‍ ഒരു പെട്രോള്‍ പമ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ആ സ്ഥലവുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്‌നങ്ങളും അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത ഭൂമിയാണിതെന്ന് ജില്ലാ കളക്ടര്‍ കണ്ടെത്തുകയും അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഈ പെട്രോള്‍ പമ്പിനായി ചെലവാക്കിയ തുക എത്ര, അതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നതുള്‍പ്പടെയുളള കാര്യങ്ങളാണ് സി.പി.ഐ. അംഗങ്ങള്‍ ചോദിച്ചിരിക്കുന്നത്. പത്തുമാസം മുമ്പാണ് ഇതുസംബന്ധിച്ച കത്ത് അംഗങ്ങള്‍ സെക്രട്ടറിക്ക് നല്‍കിയത്.
ഉന്നയിച്ച ചോദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാല്‍ ഇതുവരെ സെക്രട്ടറി മറുപടി നല്‍കിയിട്ടില്ല. സെക്രട്ടറിക്കെതിരേ വ്യക്തിപരമായും ചില ആക്ഷേപങ്ങളുണ്ട്. അദ്ദേഹം വ്യക്തിപരമായി വ്യാവസായികാടിസ്ഥാനത്തിലുളള ഒരു നിര്‍മാണം ചിന്നക്കലാലില്‍ നടത്തുന്നുണ്ട്. ഇതിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും സി.പി.ഐ. അംഗങ്ങള്‍ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ചില പൊതുപ്രവര്‍ത്തകരും സമാനമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇദ്ദേഹത്തിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുന്നതുള്‍പ്പടെയുളള കാര്യങ്ങളും ഭരണസമിതി അംഗങ്ങള്‍ ആലോചിക്കുന്നുണ്ട്.
തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടുപോലും ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്റെ ഭരണസമിതിക്ക് പോലും നല്‍കാത്ത സാഹചര്യമാണെന്നും അതാണ് ഇത്തരത്തിലൊരു പരസ്യപ്രതികരണത്തിലേക്ക് എത്തിച്ചതെന്നും സി.പി.ഐ. അംഗങ്ങള്‍ പറയുന്നു.












