തിരുവനന്തപുരം: കരമനയില്‍ കശ്മീരി സ്വദേശികളില്‍ നിന്ന് കള്ളത്തോക്ക് പിടിച്ചെടുത്ത സംഭവത്തില്‍ അടിമുടി ദുരൂഹത സംശയിച്ച് പൊലീസ്. കേസ് അന്വേഷണം പ്രതികളുടെ ജന്മനാടായ കശ്മീരീലേക്കും യുവാക്കള്‍ക്ക് ജോലി നല്‍കിയ സ്ഥാപനത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.
യുവാക്കള്‍ ഹാജരാക്കിയ ലൈസന്‍സില്‍ സംശയം തോന്നിയ പൊലീസ് സ്ഥിരീകരണത്തിന് രജൗരി എഡിഎമ്മിനെ സമീപിച്ചു. എഡിഎം കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ ലൈസന്‍സ് വ്യാജമാണെന്നു വ്യക്തമാക്കി. തുടര്‍ന്നാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 വെടിയുണ്ടകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കള്ളത്തോക്കുമായി കശ്മീര്‍ സ്വദേശികള്‍ അറസ്റ്റിലായ സംഭവം കേന്ദ്ര ഏജന്‍സികളും ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്ര രഹസ്വാന്വേഷണ വിഭാഗങ്ങളും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികള്‍ ഹാജരാക്കിയ ലൈസന്‍സ് വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇതു സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണത്തിനും തീരുമാനമുണ്ട്. പ്രതികളുടെ സ്വദേശമായ കശ്മീരിലെ രജൗരി ജില്ലാ കളക്ടര്‍ക്ക് അന്വേഷണ സംഘം കത്തു നല്‍കും. ലൈസന്‍സുകളില്‍ വിശദ പരിശോധന നടത്തണം എന്നാണ് ആവശ്യം. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലൈസന്‍സും മറ്റു രേഖകളും സീല്‍ ചെയ്ത് രജൗരി ജില്ലാ കളക്ടര്‍ക്ക് കൈമാറും.
കശ്മീര്‍ സ്വദേശികളായ യുവാക്കള്‍ക്കെതിരെ ആയുധ നിയമം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈസന്‍സ് അനുവദിച്ചെന്ന് അവകാശപ്പെട്ട് പ്രതികള്‍ ഹാജരാക്കിയ രേഖയിലെ പൊലീസ് സ്റ്റേഷന്‍ മേല്‍വിലാസം വ്യാജമെന്നും കരമന പൊലീസ് സ്ഥിരീകരിക്കുന്നു. കശ്മരീലെ കോട്ടെരത്ന എന്ന പൊലീസ് സ്റ്റേഷന്‍ വിലാസം പ്രതികള്‍ ലൈസന്‍സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു പൊലീസ് സ്റ്റേഷന്‍ കശ്മീരില്‍ ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.
മഹാരാഷ്ട്രയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എസ്.വി എന്ന കമ്പനിയാണ് ഇവരെ സുരക്ഷാ ഗാര്‍ഡുകളായി റിക്രൂട്ട് ചെയ്തത്. തോക്കും തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സും പണം നല്‍കി സംഘടിപ്പിച്ചതാണെന്നാണ് പ്രതികളുടെ മൊഴി. ലൈസന്‍സിന് മാത്രം പതിനായിരത്തോളം രൂപ ചെലവായി. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ ഒരുക്കുന്ന ജോലി വേണമെങ്കില്‍ തോക്കും ലൈസന്‍സും വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
ജോലിക്കു വേണ്ടിയാണ് പണം നല്‍കി തോക്കും ലൈസന്‍സും വാങ്ങിയതെന്നും യുവാക്കളുടെ മൊഴിയില്‍ പറയുന്നു. ഇതും പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളിള്‍ വ്യക്തത വരുത്താന്‍ പ്രതികളെ കസ്റ്റിഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
കശ്മീര്‍ സ്വദേശികളായ ഷൗക്കത്തലി, ഷാക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് കള്ളത്തോക്ക് കൈവശം വച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ തോക്കു ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ലൈസന്‍സ് ഇല്ലാതെ ഈ യുവാക്കള്‍ തോക്ക് ഉപയോഗിക്കുന്നു എന്ന് പൊലീസിന് രഹസ്യ വിവരം കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ആയിരുന്നു.
Discussion about this post