പട്ന: ജ്യേഷ്ഠന് വയസ്സ് 25, അനിയന്റെ വയസ്സ് 26. ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവും ഇളയ മകനായ തേജസ്വി യാദവും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ഇങ്ങനെയാണ് ഇരുവരുടെയും പ്രായം. തേജസ്വിക്ക് 26 വയസ്സാണെന്നും ജ്യേഷ്ഠനായ തേജ് പ്രതാപിന് 28 വയസ്സാണെന്നുമാണ് ലാലു പ്രസാദിന്റെ കുടുംബത്തോട് അടുത്ത ബന്ധുക്കള്‍ പറയുന്നത്.
നാമനിര്‍ദേശ പത്രികയില്‍ ഇത്തരമൊരു തെറ്റ് കടന്നുവന്നത് എങ്ങനെയെന്ന് അറിയില്ലെന്നും ഇരുവരുടെയും നാമനര്‍ദേശ പത്രികകള്‍ പൂരിപ്പിച്ച ആര്‍ക്കോ പറ്റിയ അബദ്ധമാണിതെന്നുമാണ് ലാലുവിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, സ്ഥാനാര്‍ഥികളില്‍ നിന്നും നാമനിര്‍ദേശ പത്രികയും അതിനോടൊപ്പം സത്യവാങ്മൂലവും സ്വീകരിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്യാറുള്ളത്. അവയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാറില്ലെന്ന് അഡീഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ആര്.ലക്ഷ്മണന് വ്യക്തമാക്കി.
എന്നാല്‍ ഇരുവരുടെയും വയസ്സ് സംബന്ധിച്ചുണ്ടായ തെറ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ ലാലുവോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഇതുവരെ തയാറായിട്ടില്ല. ഇന്നലെ ലാലു പ്രസാദ് യാദവിന്റെ സാന്നിധ്യത്തിലാണ് തേജ് പ്രതാപ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തേജസ്വി കഴിഞ്ഞ ശനിയാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്.
Discussion about this post