ഡൽഹി: ലോകരാജ്യങ്ങൾ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരസ്‌പരം അംഗീകരിക്കുക വഴി അന്താരാഷ്‌ട്ര യാത്രികർക്ക് യാത്രാസൗകര്യം സുഖകരമാകുമെന്ന് അമേരിക്കയിലെ വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫൈസർ വാക്‌സിൻ വാങ്ങുന്നത് ഇരട്ടിയാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്‌താവന സ്വാഗതം ചെയ്‌ത മോദി സ്വാഗതാർഹവും സമയബന്ധിതവുമായ തീരുമാനമാണിതെന്ന് പ്രതികരിച്ചു.
‘ലോകത്തെ ധാരാളം സ്ഥലങ്ങളിൽ ഇനിയും കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് എടുക്കേണ്ടതുണ്ട്. അതിനാൽ ബൈഡന്റെ തീരുമാനം ഉചിതമാണ്’. പ്രധാനമന്ത്രി പറഞ്ഞു. 150ലധികം രാജ്യങ്ങൾക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ വിതരണം ചെയ്‌തുവെന്ന് അറിയിച്ച പ്രധാനമന്ത്രി മനുഷ്യരാശിയെ ഇന്ത്യ ഒരു കുടുംബമായാണ് കാണുന്നതെന്ന് പ്രതികരിച്ചു. ആദ്യ ഡിഎൻഎ അധിഷ്‌ഠിത വാക്‌സിൻ ഉൾപ്പടെ രണ്ട് തദ്ദേശീയ വാക്‌സിനുകൾ ഇന്ത്യ ഇതിനകം വികസിപ്പിച്ചതായും ഇവ അനുമതിയ്‌ക്കായി കാക്കുകയാണെന്നും അറിയിച്ചു.
‘ഈ വർഷമാദ്യം 95 രാജ്യങ്ങളിലേക്ക് യുഎൻ വഴി ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനെത്തി. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയോടൊപ്പം ലോകമാകെ നിന്നു. ആ പിന്തുണയ്‌ക്കും ഐക്യപ്പെടലിനും എല്ലാവരോടും നന്ദി പറയുന്നു.’ മോദി കൂട്ടിച്ചേർത്തു. ഒരു ദിവസം രണ്ടരകോടി ജനങ്ങൾക്ക് ഇന്ത്യയിൽ വാക്‌സിൻ നൽകാനായ റെക്കാഡിനെ കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു.ഇതുവരെ 80 കോടിയിലേറെ ഡോസ് വാക്‌സിൻ നൽകി. നിലവിലെ വാക്‌സിൻ നിർമ്മാണത്തിന്റെ അളവ് വർദ്ധിപ്പിച്ചതായും ഐക്യരാഷ്‌ട്ര സഭാ സമൂഹത്തെ പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post