മൂവാറ്റുപുഴ: വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തി. തടയാൻ ശ്രമിച്ച അമ്മയുടെ കൈവിരൽ അറ്റു. നഗരത്തിലെ മൂവാറ്റുപുഴ ക്ലബ്ബിനു സമീപം വാടകയ്ക്കു താമസിക്കുന്ന മഠത്തിക്കുന്നേൽ ബിന്ദു(50) , മകൻ ബിനു (34) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇരുവരെയും നാട്ടുകാർ ചേർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി.
വ്യാഴാഴ്ച രാത്രി എട്ടിനാണു സംഭവം. രണ്ടംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി കത്തി കൊണ്ടു ബിനുവിനെ കുത്തുകയായിരുന്നു. ബിനു ഇതു കൈ കൊണ്ടു തടഞ്ഞു. ബഹളം കേട്ട് എത്തിയ അമ്മ മകനെ കുത്തുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ കൈവിരൽ അറ്റു. അക്രമി സംഘം ഇതിനു ശേഷവും ബിനുവിനെ കുത്തി. ആക്രമണം തടയുന്നതിനിടെ ബിനുവിന്റെ കാലിലും കൈയ്ക്കുമാണു കുത്തേറ്റത്. ബഹളം കേട്ടു നാട്ടുകാർ എത്തിയതോടെ അക്രമി സംഘം കടന്നു കളയുകയായിരുന്നു.
പൊലീസ് ആവർത്തിച്ചു ചോദിച്ചിട്ടും ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമാക്കാൻ ബിനുവും ബിന്ദുവും തയാറായിട്ടില്ല. ബിനു മൂവാറ്റുപുഴയിലെ ഡോക്ടറുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതു കൂടാതെ മറ്റു പല ജോലികളും ബിനു ചെയ്തിരുന്നതായി സമീപവാസികൾ പറഞ്ഞു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.












