കാഞ്ഞിരപ്പള്ളി: നാലു മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന് ദമ്പതിമാരുടെ മകന് ഇഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയും വീട്ടില്‍ തനിച്ചുള്ളപ്പോഴാണ് സംഭവം. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 12 ഓടെ സൂസന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു. റിജോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് അംഗം അയല്‍വാസിയുമായി എത്തി കൃത്രിമശ്വാസം നല്കാന് ശ്രമിച്ചു. തുടര്‍ന്ന് 26ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസനോട് റിജോ എന്തു സംഭവിച്ചതാണെന്ന് ഫോണില്‍ ചോദിച്ചപ്പോള്‍ താന്‍ കഴുത്തിന് പിടിച്ചതാണെന്ന് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. സൂസന് മാനസികപ്രശ്നത്തിന് ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ മരണശേഷം കൂടുതല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മയെ പോലീസ് നിരീക്ഷണത്തില്‍ മാനസിക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മ സാധാരണരീതിയിലേക്ക് മടങ്ങിയശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂ എന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച 4.30-തോടെ കുട്ടിയുടെ മൃതദേഹം കൂവപ്പള്ളി പൂമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
Discussion about this post