കൊച്ചി: നേവി ജോലി വാഗ്ദാനം ചെയ്ത മലപ്പുറം കൈനോട് പിലാക്കല്‍ അമീര്‍ സുഫിയാനിയുടെ (25) തട്ടിപ്പിന് ഇരകളായത് രണ്ട് ഡസന്‍ പേര്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 ഓളം പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ് കമന്‍ഡാന്റ് ചമഞ്ഞ് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കി ആറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സുഫിയാനിയെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ടു പേര് ഉള്‍പ്പെടെയാണ് തട്ടിപ്പിനിരയായത്. 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പലരില്‍ നിന്നായി വാങ്ങിയായിരുന്നു തട്ടിപ്പ്. അറസ്റ്റിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൂടുതല്‍ പേര് പരാതിയുമായി എത്തിയിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡില്‍ അസി. കമന്‍ഡാന്റ് ആണെന്നും, ഇന്ത്യന്‍ നേവിയിലും, കോസ്റ്റ് ഗാര്‍ഡിലും പരിശീലനകേന്ദ്രങ്ങള്‍ വഴി ആളെ എടുക്കുന്നുണ്ടെന്നും നിയമനം വാങ്ങിത്തരാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആലുവ സ്വദേശി ഫിറോസ് മുഹമ്മദിന്റേയും സുഹൃത്തിന്റെയും പക്കല്‍ നിന്ന് ആറ് ലക്ഷത്തില്‍പരം രൂപ പ്രതി തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ പരാതിയിലാണ് അറസ്റ്റ്. എരൂരിലെ ഒരു ഹോട്ടലില്‍ മുറി എടുത്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
26 പേരെ ഉള്‍പ്പെടുത്തി വാട്സ് ആപ്പ് കൂട്ടായ്മയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. കൂടുതല്‍ വിശ്വാസ്വത നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജോലി ആവശ്യവുമായി എത്തിയവരെ ഉള്‍പ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post