ഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിൽ പ്രവേശിച്ച് ഷഹീൻ ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി രൂപം മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്.
സെപ്റ്റംബര്‍ 30 വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാളിലെ ഗംഗാതീരം, ഒഡീഷ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.








