ഡൽഹി: നൂറിലധികം വരുന്ന ചൈനീസ് സൈനികർ അതിർത്തി കടന്ന് ഉത്തരാഖണ്ഡിലെത്തിയതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ അതിർത്തിയിലൂടെയാണ് ചൈനീസ് സൈനികർ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലേക്കു കടന്ന സൈനികർ ഒരു പാലത്തിന് കേടുപാടുണ്ടാക്കിയ ശേഷമാണു മടങ്ങിപ്പോയതെന്ന് ചില ഉദ്യോഗസ്ഥർ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നന്ദാദേവി ദേശീയോധ്യാനത്തിന്റെ വടക്കൻ പ്രദേശത്താണ് ബരാഹോട്ടി പ്രദേശം. ഉത്തരാഖണ്ഡിൽ 350 കിലോമീറ്ററിനടുത്ത് വരുന്ന അതിർത്തിയിൽ ഐടിബിപി ഉദ്യോഗസ്ഥരാണു കാവല്‍.
കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളുടെയും സൈനികർ സഹകരണത്തോടെ മുന്നോട്ടു പോകുമ്പോഴാണ് ഉത്തരാഖണ്ഡിലെ ചൈനീസ് കടന്നുകയറ്റം. ചെറിയ കടന്നുകയറ്റങ്ങളൊഴിച്ചാല്‍ കുറച്ചു വർഷങ്ങളായി കാര്യമായ പ്രശ്നങ്ങളില്ലാത്ത അതിർത്തി പ്രദേശമായിരുന്നു ഇത്. 1954 ൽ ഈ മേഖലയിലൂടെയാണ് ചൈന രാജ്യത്തേക്കു കടന്നുകയറിയത്. ഇതു മറ്റിടങ്ങളിലും വ്യാപിക്കുകയും 1962ലെ യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. ഓഗസ്റ്റ് 30നാണ് ചൈനീസ് സൈനികർ ഇന്ത്യയിലെത്തിയത്. എന്നാൽ സൈനികർ മടങ്ങിപ്പോയതിനാൽ ഏറ്റുമുട്ടലുണ്ടായില്ല. നൂറിലേറെ സൈനികരും 55 കുതിരകളുമാണ് തുൻ ജുൻ ലാ പാസ് വഴി ഇന്ത്യയിലെത്തിയത്. 5 കിലോമീറ്ററിലധികം അവർ അതിർത്തി കടന്നു സഞ്ചരിച്ചു.
മൂന്ന് മണിക്കൂറോളമാണ് അവർ അതിർത്തിക്കിപ്പുറം തുടർന്നത്. സൈനികരില്ലാത്ത മേഖലയിൽ ചൈനയുടെ കടന്നുകയറ്റം സുരക്ഷാകേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. സംഭവം നാട്ടുകാരാണ് ആദ്യം സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് ഐടിബിപി ഉദ്യോഗസ്ഥരും ഇന്ത്യൻ സൈനികരും എത്തുമ്പോഴേക്കും ചൈനാക്കാര്‍ തിരിച്ചുപോയിരുന്നു.
Discussion about this post