കൊച്ചിയിലേതുപോലെ തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയമെന്ന പേരില്‍ മ്യൂസിയം തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നെന്ന് മോന്സണ് മാവുങ്കല്‍. ഇതിന് വേണ്ടി ടി.വി ചാനല്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തിയതായും മോന്സണ് ക്രൈം ബ്രാഞ്ചിന് മൊഴിനല്‍കി. ടി.വി സംസ്കാര എന്ന ചാനല്‍ സ്വന്തമാക്കാനായാണ് 10 ലക്ഷം രൂപ നല്‍കിയതെന്ന് മോന്സണ് പറഞ്ഞു.
ചാനലിന് തിരുവനന്തപുരത്ത് ഓഫിസുള്ളതും ചാനലിന്റെ പേരും അനുകൂല തട്ടിപ്പിന് അനുകൂലമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് കാലമായതിനാല്‍ പദ്ധതി മുന്നോട്ടു പോയില്ല. ഇടപാടിനെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ചാനല്‍ ഉടമകളുടെ ഓഫിസില്‍ മോന്‍സണെ എത്തിച്ച് തെളിവെടുക്കും.
കൊച്ചിയിലെ വ്യാജ പുരാവസ്തു മ്യൂസിയം കാട്ടിയാണ് മോന്സണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സിനിമ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ആളുകളെ മോന്സണ് താനുമായി അടുപ്പിച്ചിരുന്നത് ഈ മ്യൂസിയം കാട്ടിയായിരുന്നു.
അതേസമയം, താന്‍ കൈമാറിയ വസ്തുക്കളാണ് പുരാവസ്തുക്കളെന്ന പേരില്‍ മോന്സണ് കലൂരിലെ വീട്ടില്‍ വെച്ചിരിക്കുന്നത് കേസിലെ പരാതിക്കാരിലൊരാളായ സന്തോഷ് എളമക്കര പറഞ്ഞു. 2016 മുതല്‍ താന്‍ കൈമാറിയ പുരാവസ്തുക്കളാണ് മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ ഉള്ളത്. യഥാര്‍ഥ മൂല്യം പറഞ്ഞു തന്നെയാണ് കൈമാറിയതെന്നും പിന്നീട് ഇവക്കുമേല്‍ മോന്സണ് കഥകള്‍ മെനയുകയായിരുന്നുവെന്നും സന്തോഷ് എളമക്കര പറഞ്ഞു. ഒരുവര്‍ഷം മുമ്പ് യുട്യൂബില്‍ നിന്നാണ് മോന്സണ് ഇവക്കെല്ലാം വലിയ നുണക്കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ‘ഇങ്ങനെയൊക്കെ പറഞ്ഞാലേ വി.ഐ.പികളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയൂ’ എന്നാണ് മോന്സണ് തന്റെ ചോദ്യത്തിന് മറുപടി നല്‍കിയതെന്നും സന്തോഷ് പറഞ്ഞു.
Discussion about this post