എകരൂല്‍: കോഴിക്കോട് ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വീര്യമ്പ്രത്ത് വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിക്കാനിടയായ സംഭവം കൊലപാതകമെന്ന് പോലീസ്. അതിക്രൂരമായ ശാരീരിക മര്‍ദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് മലപ്പുറം കൊണ്ടോട്ടിനെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായത്.
സംശയരോഗത്തെത്തുടര്‍ന്ന് ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീന്റെ ക്രൂരപീഡനമാണ് യുവതിയുടെ ദാരുണമരണത്തില്‍ കലാശിച്ചതെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ബാലുശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഉമ്മുക്കുല്‍സുവിന്റെ പേശികളേറെയും മര്‍ദനത്തെത്തുടര്‍ന്ന് തകര്‍ന്നനിലയിലാണെന്നും വായില്‍ ഏതോ രാസവസ്തു ഒഴിച്ചതായും പോലീസ് അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെകൂടി അടിസ്ഥാനത്തില്‍ അസ്വാഭാവികമരണം കൊലപാതകക്കേസായി ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്തു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ താജുദ്ദീനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുക്കുല്‍സു സ്വവസതിയിലായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താജുദ്ദീന് വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. ചിക്കന്‍സ്റ്റാള്‍ നടത്തിവരുന്ന സുഹൃത്ത് മലപ്പുറം സ്വദേശി സിറാജുദ്ദീന് വീര്യമ്പ്രത്ത് വാടകയ്ക്കെടുത്ത വീട്ടില്‍ ഒരാഴ്ചമുമ്പാണ് താജുദ്ദീനും ഭാര്യയുമെത്തിയത്. വെള്ളിയാഴ്ച താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുല്‍സു മടങ്ങിയെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സിറാജുദ്ദീന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. വൈകീട്ട് മടങ്ങിയെത്തിയ സമയത്ത് ഉമ്മുക്കുല്‍സുവിനെ അവശനിലയില്‍ക്കണ്ട സിറാജുദ്ദീന് ആദ്യം ഇവരെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നതിനുമുമ്പെ യുവതിയുടെ മരണം സംഭവിച്ചിരുന്നു.
ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മൃതദേഹവുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ സിറാജുദ്ദീനെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. തുടര്‍ന്ന് സംഭവം നടന്നത് ബാലുശ്ശേരി പരിധിയിലായതിനാല്‍ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന താജുദ്ദീനെ കസ്റ്റഡിയിലെടുത്താല്‍ മാത്രമേ നടന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ശനിയാഴ്ച ബാലുശ്ശേരി പോലീസും വടകരയില്‍നിന്ന് വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരുമെത്തി വീര്യമ്പ്രത്തെ വാടകവീട്ടില്‍ തെളിവെടുപ്പ് നടത്തി.
ചിറയില്‍ ചുങ്കത്ത് പരേതനായ നെയ്യന് മുഹമ്മദിന്റെയും ജമീലയുടെയും മകളാണ് ഉമ്മുക്കുല്‍സു. മക്കള്‍: സഫ്ന നസ്രിന്, സഫീദ് ജഹാന്. സഹോദരങ്ങള്‍: ജാഫര്‍, സുബൈര്‍, സൈഫുന്നീസ.
Discussion about this post