കണ്ണൂര്‍: ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ പിതാവ് ഷിജുവിനെതിരെ കൊലക്കുറ്റത്തിന് കേസ്. ഒന്നര വയസുകാരി അന്‍വിതയാണ് മരിച്ചത്. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെയും മകളെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നല്കി.
കൊല്ലേരി യു.പി സ്കൂളിലെ അധ്യാപികയാണ് സോന. തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് ഷിജു. ഇയാളൊടൊപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയില്‍ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് നിന്നും കണ്ടെടുത്തു. ഷിജുവിനെ കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം.
രാത്രി ഏഴരയോടെ വളള്യായി റോഡില്‍ ചാത്തന് മൂല വാട്ടര്‍ ടാങ്കിനോട് ചേര്‍ന്ന ഭാഗത്താണ് സംഭവം. സോനയുടെ കരച്ചില് കേട്ടാണ് നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തിയത്. പുഴയില്‍ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയില്‍ മുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം കൂത്തുപറമ്പ് ഗവ: ആശുപത്രിയിലേക്ക് മാറ്റി. ഷിജുവിനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്.
Discussion about this post