രാത്രിയിൽ മാനം നോക്കിയിരുന്ന് നക്ഷത്രങ്ങളുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ ഒരു നക്ഷത്രങ്ങൊനും പൊട്ടിത്താഴെ വീണാലോ… ആരെങ്കിലും അങ്ങനെയൊരു കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ…ഈ ഭൂമിയിൽ ജീവിച്ച് മരിച്ചവർക്ക് ആർക്കെങ്കിലും അങ്ങനെയൊരു കാഴ്ച്ച കാണാൻ യോഗമുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാൽ, അങ്ങനെയൊരു അപൂർവ കാഴ്ച്ച കാണാനുള്ള ഭാഗ്യമാണ് നമുക്ക് ഉണ്ടാകാൻ പോകുന്നത്.
വരുന്ന സെപ്റ്റംബറിന് മുൻപായി എപ്പോൾ വേണമെങ്കിലും ആകാശത്ത് ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറി നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രവചനം. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്ന അപൂർവ കാഴ്ച്ചയെന്നാണ് ഇതിനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. 3000 പ്രകാശ വർഷങ്ങൾക്ക് അകലെയുള്ള ടി കൊറോണ ബോറിയാലിസ് എന്ന നക്ഷത്ര സമൂഹത്തിലെ ഒരു ഇരട്ട നക്ഷത്ര സിസ്റ്റത്തിലാണ് ഈ അത്യപൂർവ പ്രതിഭാസം നടക്കുക. ഈ ഇരട്ട നക്ഷത്രങ്ങളിൽ ഒന്ന് ഭൂമിയോളം വലുപ്പമുള്ള വെള്ളക്കുള്ളനാണ്. മറ്റൊരു നക്ഷത്രം സൂര്യനോളം വലിപ്പമുള്ള ചുവപ്പ് ഭീമനും.
ചുവപ്പ് ഭീമന്റെ പുറത്തെ പാളി വെള്ളക്കുള്ളന്റെ അടുത്തെത്തുമ്പോൾ പുറംപാളിയിലെ ഹൈഡ്രജൻ ഉൾപ്പെടെയുള്ള പദാർത്ഥങ്ങളെ വെള്ളക്കുള്ളൻ വലിച്ചെടുക്കും. ഈ ഹൈഡ്രജൻ വെള്ളക്കുള്ളന് ചുറ്റും ഒരു പുറംപാളിയുണ്ടാക്കുകയും ഇത് ചൂട് പിടിക്കുന്നതോടെ ഹൈഡ്രജൻ ഫ്യൂഷൻ സംഭവിച്ച് പൊട്ടിത്തെറിയിൽ അവസാനിക്കുകയും ചെയ്യും.
കേരളത്തിലും ഈ പൊട്ടിത്തെറി കാണാനാകും. ശാസ്ത്രജ്ഞരുടെ കണക്കുപ്രകാരം സെപ്റ്റംബറിന് മുൻപ് ഇത് നടക്കും. കേരളത്തിൽ നിന്നും നോക്കുമ്പോൾ വടക്കു ദിശയിലാണ് കൊറോണ ബോറിയാലിസ് എന്ന നക്ഷത്ര സമൂഹമുള്ളത്. നോവ പൊട്ടിത്തെറി നടക്കുമ്പോൾ പുതിയൊരു നക്ഷത്രം കൊറോണ ബോറിയാലിസിൽ പ്രത്യക്ഷപ്പെടുകയകണ് ചെയ്യുക. ഒരാഴ്ച്ചക്കാലം പുതിയ നക്ഷത്രത്തിന്റെ രൂപത്തിൽ ഈ പൊട്ടിത്തെറി ആകാശത്ത് നമുക്ക് കാണാനാകും.
Discussion about this post