ഡല്‍ഹി: കോണ്‍ഗ്രസിന്റെ നായകസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് സൂചിപ്പിച്ച് സോണിയ ഗാന്ധി. പല കോണില്‍ നിന്നും കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷനു വേണ്ടിയുള്ള മുറവിളി ഉയരവെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം. സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായിട്ടാണ് ചുമതല വഹിക്കുന്നത്.
തന്നോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് പറയാം, മാദ്ധ്യമങ്ങള്‍ വഴി സംഘടനാ കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന് സമ്പൂർണ്ണമായ തോതില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യക്ഷന്‍ വേണം എന്ന് ജി23 നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി വരണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റിനെ കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സോണിയ ഗാന്ധി പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.
പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയാണ് പ്രവര്‍ത്തക സമിതി. ഈ യോഗത്തിലാണ് പാര്‍ട്ടി സുപ്രധാന തീരുമാനങ്ങള്‍ എടുക്കാറ്. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളും നടക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് വിമത ശബ്ദങ്ങള്‍ക്കെതിരെ സോണിയയുടെ ആമുഖ പ്രസംഗം.
പാര്‍ട്ടിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് അടുത്തിടെ 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. അവര്‍ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഈ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി എന്നാണ് ജി23 നേതാക്കളുടെ നിലപാട്. ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നത് അറിയുന്നില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം. കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വളരെ ശക്തമായ ഭാഷയില്‍ അടുത്തിടെ ഹൈക്കമാന്റ് എടുത്ത തീരുമാനങ്ങള്‍ക്കെതിരെ രംഗത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.







