മുംബൈ: മയക്കുമരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ നീട്ടി. പ്രത്യേക എൻ ഡി പി എസ് കോടതിയുടേതാണ് നടപടി. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് നേരത്തെ ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ആര്യന്റെ ജാമ്യഹർജി അടിയന്തര പ്രാധാന്യത്തോടെ വീഡിയോ കോൺഫറൻസ് വഴി കേൾക്കാൻ കോടതി വിസമ്മതിച്ചു. കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ആര്യന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചത്.
മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിയായ മന്നത്തിലെത്തി നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ നോട്ടീസ് നൽകിയിരുന്നു. ഷാരൂഖ് ഖാൻ മകൻ ആര്യൻ ഖാനെ ജയിലിൽ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെയെ ഓഫീസിൽ വിളിച്ചു വരുത്തി എൻസിബി മൊഴി രേഖപ്പെടുത്തിയിരുന്നു.








