കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവാളത്തില്‍ കാറ്ററിങ് ട്രോളിയിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ കാസര്‍ഗോഡ് സ്വദേശിയടക്കം രണ്ട് പേര്‍കൂടി അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി അഹ്മദ് ശബീര്‍ (33), കണ്ണൂരിലെ വി ജുനൈവ് (22) എന്നിവരാണ് പിടിയിലായത്.
മൂന്ന് പേര് നേരത്തെ അറസ്റ്റിലായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ക്യാബിന് ക്രൂ അംഗം മലപ്പുറത്തെ അന്‍സാര്‍, ഭക്ഷണ വിതരണ ഏജന്‍സിയിലെ ട്രക് ഡ്രൈവര്‍ കാസര്‍ഗോഡെ ജംശീര്‍, കണ്ണൂരിലെ നൗഫല്‍ എന്നിവരെയാണ് ഡി ആര് ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) പിടികൂടിയത്. അന്‍സാര്‍, ജംശീര്‍ എന്നിവരില്‍ നിന്ന് 62 ലക്ഷം രൂപ വിലമതിക്കുന്ന 1283 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിലെ കാറ്ററിങ് ട്രോളിയില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നും നൗഫല്‍ സ്വര്‍ണം കൈപ്പറ്റാനെത്തിയതാണെന്നുമാണ് അധികൃതര്‍ പറയുന്നത്.
ഇന്റലിജന്‍സിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പിന്നില്‍ കണ്ണൂര്‍, കാസര്‍ഗോഡ് കേന്ദ്രീകരിച്ചുള്ള വന്‍ സ്വര്‍ണക്കടത്തു സംഘമെന്നാണ് വിവരം. മറ്റു ചിലര്‍ സംഭവവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ പേര് പിടിയിലാവുമെന്നാണ് സൂചന.
Discussion about this post