ഭോപാല്‍: ലോക്സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നു. സചിന് ബിര്‍ല എം.എല്‍.എയാണ് ഞായറാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇതുവരെ 27ാമത്തെ എം.എല്‍.എയാണ് മധ്യപ്രദേശില്‍ ബി.ജെ.പി കൂടാരത്തിലെത്തുന്നത്.
ഖണ്ട്വ ലോക്സഭ ഉപതെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലാണ് സചിന് ബിര്‍ല ബി.ജെ.പിയില്‍ ചേര്‍ന്നത്. 2020 മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ആറ് കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു.
പാര്‍ട്ടി മാറാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനില്‍ നിന്ന് ലഭിക്കുന്ന പരിഗണന മുഖ്യ പങ്കുവഹിച്ചതായി ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന സചിന് ബിര്‍ല പറഞ്ഞു. ‘2020 മാര്‍ച്ചില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ ശേഷം, വല്ലഭഭവനില് വെച്ച് തന്റെ പേര് വിളിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സംസാരിക്കുകയും മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്തപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടു. ഇപ്പോള്‍ 55 ഗ്രാമങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു” -ബിര്‍ല പറഞ്ഞു.
Discussion about this post