ചണ്ഡിഗഢ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ പഞ്ചാബിലെ സംഗ്രൂരില്‍ ഭായ് ഗുര്‍ദാസ് എഞ്ചിനീയറിങ് കോളേജിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടന്നതായി പരാതി.
മത്സരം അവസാനിച്ചയുടന്‍ ചിലര്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മുറികളും തച്ചുതകര്‍ത്തു. പോലീസ് സംഘം കോളേജില്‍ എത്തിയതിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.
‘ഞങ്ങള്‍ ഇവിടെ ഇരുന്ന് കളി കാണുകയായിരുന്നു. അവര്‍ വന്ന് ഞങ്ങളെ അക്രമിച്ചു. ഞങ്ങള്‍ ഇവിടെ പഠിക്കാന്‍ വന്നവരാണ്. ഞങ്ങളും ഇന്ത്യക്കാരാണ്. പ്രധാനമന്ത്രി ഇതിനെ കുറിച്ച് എന്താണ് പറയുന്നത്. നോക്കു, അവരെന്താണ് ഞങ്ങളെ ചെയ്തതെന്ന്’ – അക്രമത്തിനിരയായ വിദ്യാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതിന്റെയും അവരുടെ ഹോസ്റ്റല്‍ മുറികളും സാധനങ്ങളും തകര്‍ത്തതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്രിക്കറ്റ് മത്സരത്തിന് പിന്നാലെ സ്റ്റമ്പുകളും വടിയുമെല്ലാം പിടിച്ച് ഒരു കൂട്ടം ആക്രോശത്തോടെ ക്യാമ്പസില്‍ നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് പരാജയം ഏറ്റുവാങ്ങുന്നത്.
Discussion about this post