ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാകേഷ് കുമാര്‍ ജയിന്( 74), ഭാര്യ ഉഷ രാകേഷ് കുമാര്‍ ജയിന്(69) എന്നിവരെയാണ് ഗോവിന്ദ് പുരിയിലെ വീടിനുള്ളിലെ സ്റ്റീല്‍ പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാരോഗ്യം മൂലം കൂടുതല്‍ സമയവും കിടക്കയില്‍ കഴിയേണ്ടി വരുന്നതില്‍ മനം നൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഡല്‍ഹി ഗോവിന്ദ് പുരിയിലാണ് സംഭവം.
കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ഗോണ്ടയിലേയ്ക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഇരുവര്‍ക്കും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതേതുടര്‍ന്ന് കൂടുതല്‍ സമയവും കിടക്കയില്‍ ചെലവഴിക്കേണ്ടി വരുന്നതില്‍ മടുത്തിട്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ദമ്പതികൾ തങ്ങളുടെ ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. മാതാപിതാക്കള്‍ മരിച്ചതായി മകള്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു എന്ന് ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി.
പരിചാരകനായ അജിത്ത് ദമ്പതികൾ താമസിക്കുന്ന വീട്ടിലെ കതകില്‍ നിരവധി തവണ തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതോടെ മകള്‍ അങ്കിതയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ വീട്ടിലത്തിയ അങ്കിതയും അജിത്തും പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോള്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തില്‍ രാകേഷ് ജയിനിന് നട്ടെല്ലിന് പരിക്കേല്‍ക്കുകയും, ഭാര്യയ്ക്ക് ഒന്നിലധികം ഒടിവുകള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏറെ നാളായി ഇരുവരും കിടപ്പിലായിരുന്നു.
Discussion about this post