കുമളി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള അതിര്‍ത്തി ഉപരോധിക്കാനെത്തിയ കര്‍ഷക സംഘം പ്രവര്‍ത്തകരെ ലോവര്‍ ക്യാമ്പിൽ പൊലീസ് തടഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്നും ഇടുക്കിയിലേക്ക് ജലം തുറന്നു വിട്ടതിനെതിരെയും പുതിയ ഡാം നിര്‍മിക്കാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
തേനി ജില്ലയിലെ അഞ്ച് ജില്ലാ കര്‍ഷക സംഘത്തിന്‍റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച കുമളിയിലെ സംസ്ഥാന അതിര്‍ത്തിയില്‍ റോഡ് ഉപരോധത്തിനായി ശ്രമം നടന്നത്. സമരക്കാരെ കുമളിയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ ലോവര്‍ ക്യാമ്പിൽ തമിഴ്നാട് പൊലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്ന് ഏറെ നേരം സമരക്കാരും പൊലീസുമായി വാക്കേറ്റം ഉണ്ടായി. പിന്നീട്, മുല്ലപ്പെരിയാര്‍ ശില്പിയുടെ സ്മാരകത്തിനു സമീപം ധര്‍ണ്ണ നടത്താന്‍ സമരക്കാരെ പൊലീസ് അനുവദിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ നിയന്ത്രണം തേനി കലക്ടറെ ഏല്‍പ്പിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
ഐക്യകര്‍ഷക സംഘം നേതാക്കളായ എസ്.ആര്‍. തേവര്‍, അന്‍വര്‍ ബാലശിങ്കം എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ഗൂഡല്ലൂര്‍ ഇന്‍സ്പെക്ടര്‍ മുത്തുമണി, തഹസില്‍ദാര്‍ അര്‍ജുന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സമരക്കാരെ തടയാന്‍ രംഗത്തെത്തിയിരുന്നു.
Discussion about this post