ഡൽഹി: ഇന്ത്യയുടെ സ്വന്തം കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്.
ഇതോടെ കൊവാക്‌സിൻ എടുത്തവരുടെ വിദേശയാത്രാ പ്രശ്‌നത്തിന് പരിഹാരമാകും. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന എട്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിൻ. മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിലാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊവാക്സിനെ തേടിയെത്തിയിരിക്കുന്നത്.
ഇതോടെ കൊവാക്സിൻ കയറ്റുമതി ഊർജിതമാക്കാൻ ഇന്ത്യക്കാകും. വാണിജ്യാടിസ്ഥാനത്തിലും ഇന്ത്യയ്‌ക്ക് വലിയ പ്രയോജനമുണ്ടാക്കുന്നതാണ് ഈ അംഗീകാരം. വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്‌ക്ക് മുൻപാകെ ഹാജരാക്കിയതിന് പിന്നാലെയാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
Discussion about this post