തിരുവനന്തപുരം: ഇന്ധന നികുതിയിൽ കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്നും, യുഡിഎഫ് കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടേയില്ലെന്നും പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടു നല്‍കിയത് യുപിഎ സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ ഓയില്‍ പൂള്‍ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്‌സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള സംവിധാനമായിരുന്നു ഇത്. ഈ സംവിധാനം എടുത്തുകളഞ്ഞത് മന്‍മോഹന്‍ സിങ് ആണെന്ന് ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ എക്‌സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണമെന്നും, ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തിയെന്നും ധനമന്ത്രി പറഞ്ഞു.











