കോട്ടയം എം സി റോഡില്‍ സംക്രാന്തി നീലിമംഗലം പാലത്തിലെ വിള്ളലില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുറുപ്പന്തറ ഇലവത്തില്‍ പരേതനായ സെബാസ്റ്റ്യന്‍ തോമസിന്റെ മകന് രഞ്ജിന് സെബാസ്റ്റ്യന്‍ (ഉണ്ണി -28) ആണ് മരിച്ചത്. മുട്ടുചിറ സ്റ്റാന്‍ഡിലെ ഡ്രൈവറാണ്.
ഞായറാഴ്ച രാവിലെ ആറിനാണ് അപകടം. ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോയ ഓട്ടോറിക്ഷ വൈക്കം ഡിപ്പോയില്‍ നിന്ന് കോട്ടയത്തേക്കുള്ള ബസില്‍ ഇടിച്ചാണ് അപകടം. മുട്ടുചിറയിലെ ഇറച്ചിക്കടയില്‍ നിന്ന് ദിവസവും പുലര്‍ച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളില്‍ ഇറച്ചി എത്തിച്ചു നല്‍കുന്നതിനായി രഞ്ജിന് ഓട്ടം പോകുമായിരുന്നു. തിരികെ വരുമ്പോഴാണ് അപകടം.
നീലിമംഗലം പാലത്തിന്റെ സ്ലാബുകള്‍ ചേരുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ഇളകി വിള്ളല്‍ വീണ നിലയിലാണ്. കമ്പികളും ഇരുമ്പിന്റെ ഒടിഞ്ഞ തകിടുകളും അപകടകരമായ വിധം നില്ക്കുന്നുണ്ടായിരുന്നു. ഈ വിള്ളലില്‍ വീഴാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് അപകടമെന്നാണു സൂചന. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓട്ടോയില്‍ കുടുങ്ങിയ രഞ്ജിനെ പുറത്തെടുക്കാന്‍ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഗ്നിരക്ഷാ സേനയും പൊലീസും എത്തി അഗ്നിരക്ഷാ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാന്ധിനഗര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ഒന്നരമാസം മുന്‍പായിരുന്നു രഞ്ജിന്റെ വിവാഹം. ഭാര്യയുടെ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ ഇന്നലെ രഞ്ജിന്റെ വീട്ടില്‍ അടുക്കള കാണല്‍ ചടങ്ങിന് വരാനിരിക്കുകയായിരുന്നു. ആലപ്പുഴ കാഞ്ഞിരച്ചിറ കൊടുവീട്ടില്‍ സോനയാണ് ഭാര്യ. മാതാവ്: ലൂസി. സഹോദരങ്ങള്‍: രഞ്ജിത് ഷിബിന്‍, രഞ്ജി സെബാസ്റ്റ്യന്‍, അഞ്ജു. സംസ്കാരം ഇന്ന് മൂന്നിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയില്‍ നടക്കും.
Discussion about this post