ഡല്‍ഹി: ബി.ജെ.പിയുടെ യഥാര്‍ഥശക്തി ഇനിയും പുറത്തു വന്നിട്ടില്ലെന്നും പശ്ചിമ ബംഗാളില്‍ പുതിയ ചരിത്രമെഴുതാന്‍ വിപുല പദ്ധതികള്‍ക്ക് പാര്‍ട്ടി തയാറെടുക്കുന്നതായും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പശ്ചിമ ബംഗാളില്‍ പാര്‍ട്ടിക്ക് സമാനതകളില്ലാത്ത വളര്‍ച്ചയാണുണ്ടായത്. ജമ്മു- കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചു. രാജ്യത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി പത്തു ലക്ഷത്തിലധികം വരുന്ന തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ ബൂത്ത് തല കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്നും യോഗത്തില്‍ അദ്ദേഹം അറിയിച്ചു.
ജമ്മു-കശ്മീരിന്റെ പ്രത്യേക ഭരണഘടന അധികാരം റദ്ദാക്കിയ ശേഷം ജില്ല തലത്തിലും ബ്ലോക്ക് തലത്തിലും നടത്തിയ തെരഞ്ഞടുപ്പുകളില്‍ കാര്യമായ ജനപങ്കാളിത്തം ഉണ്ടായതായി ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ആത്മനിര്‍ഭര്‍ പദ്ധതി രാജ്യത്തിന്റെ ഡിജിറ്റല്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, നിര്‍മല സീതാരാമന് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തമിഴ്നാട് ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ തെരഞ്ഞെടുപ്പ് പദ്ധതികള്‍ അവതരിപ്പിച്ചു.
ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് കണ്വെന്ഷന് സെന്ററിലായിരുന്നു നിര്‍വാഹക സമിതി യോഗം നടന്നത്. കോവിഡ് സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് യോഗത്തില്‍ അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കുന്നത്.
Discussion about this post