ഗുവാഹതി: അസമിലെ കച്ചാറില്‍ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 25ന് പ്രതികള്‍ രണ്ടു പേരും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും എതിര്‍ത്താല്‍ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും യുവതി പരാതിയില്‍ പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും, തല വെട്ടാന്‍ ശ്രമിച്ചതായും, നാല് കൈവിരലുകള്‍ അറുത്ത് മാറ്റിയതായും യുവതി പറഞ്ഞു. സംഭവം നടന്ന് പത്തു ദിവസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയിതില്ലെന്നും പിന്നീട് ധോലായ് പൊലീസ് സ്റ്റേഷനില്‍ ചെന്ന് വലിയ തര്‍ക്കത്തിനൊടുവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പ്രതികളോട് ഇതുവരേയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലും ആവശ്യപ്പെട്ടിരുന്നില്ലെന്നും യുവതി ആരോപിച്ചു.
അതേസമയം, ഇരുവരേയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പരാതിക്കാരിയായ യുവതിയുടെ ഭർത്താവിന്റെ രണ്ടാംഭാര്യയുടെ പിതാവാണ് പ്രതികളിലൊരാള്‍. തങ്ങള്‍ക്കെതിരെ കുറ്റം ചാര്‍ത്തുകയായിരുന്നെന്നാണ് പ്രതികള്‍ ആരോപിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും, യുവതി പറഞ്ഞ പ്രകാരം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആരോ ഇവരെ കൊല്ലാന്‍ ശ്രമിച്ചെന്ന് വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.
Discussion about this post