ഡല്‍ഹി: മണിപ്പുരിലെ ചുര്‍ചന്‍പുരില്‍ നടന്ന ഭീകരാക്രമണത്തില്‍ കേണലും കുടുംബവും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും.
ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി സൈനികരുടെ ജീവത്യാഗം ഒരിക്കലും രാജ്യം മറക്കില്ലെന്നും പറഞ്ഞു. ദുഖത്തിന്റെ ഈ വേളയില്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പം അവരുടെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഭീകരാക്രമണത്തെ അപലപിച്ചു. വീരമൃത്യു വരിച്ച സൈനികര്‍ക്കും കേണല്‍ വിപ്ലവ് ത്രിപാഠിയുടെ ഭാര്യക്കും മകനും ആദരാഞ്ജലികള്‍ രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മണിപ്പുരിലെ ചുര്‍ചന്‍പുര്‍ ജില്ലയില്‍ അസം റൈഫിള്‍സ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേരാണ് മരിച്ചത്. 46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യുവരിച്ചു. ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു. ആക്രമണത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.








